പണി വേണോ പണം വേണം-തളിപ്പറമ്പ് കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ തുടരുന്നു-

 

തളിപ്പറമ്പ്: പ്രമുഖ പ്രവര്‍ത്തകനായാലും പണി വേണമെങ്കില്‍ പണം കൊടുക്കണം, തളിപ്പറമ്പ് കോണ്‍ഗ്രസിലെ വിവാദങ്ങള്‍ പുഴുത്ത് നാറുന്നു.

മുതിര്‍ന്ന നേതാവ് സി.സി.ശ്രീധരന് പിന്നാലെ 100-ാം ബൂത്ത് കമ്മറ്റി പ്രസിഡന്റ് കെ.രവീന്ദ്രന്‍ മാസ്റ്ററും പാര്‍ട്ടി പദവി രാജിവെച്ചതോടെ നിരവധി നാറ്റക്കേസുകളാണ് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്.

കെ.പി.സി.സി. പ്രസിഡന്റ് നിര്‍ദ്ദേശിച്ചിട്ടും യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായ സി.വി.വരുണിന് തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി നല്‍കാതെ നീട്ടിക്കൊണ്ടുപോയതിന് പിന്നാലെ സംഭാവന ആവശ്യപ്പെട്ട വിവരവും പുറത്തുവന്നിട്ടുണ്ട്.

ഇന്നലെ കണ്‍വീനര്‍ സ്ഥാനം രാജിവെച്ച സി.സി.ശ്രീധരന്‍ പ്രശ്‌നത്തില്‍ ഇടപെട്ടശേഷം സംഭാവന പകുതിയായി കുറക്കാന്‍ തീരുമാനിച്ച വിവരവും നാട്ടില്‍ ഇപ്പോള്‍ പാട്ടായിരിക്കയാണ്.

ഇതില്‍ ഒരുലക്ഷം രൂപ കുറച്ച് കൊടുത്തപ്പോള്‍ തികച്ച് വേണമെന്നാവശ്യപ്പെട്ടതായുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.

ഇത് സംബന്ധിച്ച് ഉടലെടുത്ത പ്രശ്‌നങ്ങളാണ് സി.സി.ശ്രീധരന്റെ രാജിയില്‍ കലാശിച്ചിരിക്കുന്നത്.

ഇന്നത്തെ നിലയില്‍ പോയാല്‍ തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഇല്ലാത്ത സ്ഥിതിയാവും വന്നുചേരുന്നതെന്നും, പാര്‍ട്ടിക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളോട് പോലും

സംഭാവന ചോദിക്കുന്ന നിലവാരത്തിലേക്ക് നേതൃത്വം തരംതാഴ്ന്നത് ഭാരത് ജോഡോയാത്ര നടക്കുന്ന വേളയില്‍ തന്നെ പുറത്തുവരുന്നത് അങ്ങേയറ്റം അപമാനകരമാണെന്നും ഒരു മുതിര്‍ന്ന നേതാവ് കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

നിരന്തരം പരാതികളുയര്‍ന്നിട്ടും ഡി.സി.സി നേതൃത്വം കേട്ടഭാവം നടിക്കാത്തതില്‍ സാധാരണ പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധത്തിലാണ്.