വിനോദസഞ്ചാര മേഖലയില്‍ തളിപ്പറമ്പിനെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തും; അവലോകന യോഗം ചേര്‍ന്നു

തളിപ്പറമ്പ്: വിനോദസഞ്ചാര മേഖലയില്‍ തളിപ്പറമ്പിന്റെ സാധ്യകള്‍ പ്രയോജനപ്പെടുത്തി ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.

ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ മണ്ഡലത്തിലെ ടൂറിസം വികസനത്തിന് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി മന്ത്രി മുഹമ്മദ് റിയാസ് യോഗത്തില്‍ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളുംടൂറിസം വകുപ്പും ചേര്‍ന്നുകൊണ്ട് ഓരോ പഞ്ചായത്തിലും ഒന്നില്‍ കുറയാത്ത ടൂറിസം സെന്ററുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.

ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കാനുള്ള സമഗ്രപദ്ധതികള്‍ മണ്ഡലത്തില്‍ ആവിഷ്‌ക്കരിക്കുകയാണ്.

ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും സവിശേഷതകളുള്ള പ്രദേശമായ തളിപ്പറമ്പിന്റെ ജലസ്രോതസ്സുകളും വൈവിധ്യങ്ങളുള്ള കാര്‍ഷികമേഖലയെയും പരമാവധി പ്രയോജനപ്പെടുത്തി സഞ്ചാരികളെ ആകര്‍ഷിക്കത്തക്ക രീതിയില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യും.

പില്‍ഗ്രിം ടൂറിസം, ഹെറിറ്റേജ് ടൂറിസം, ഫ്രീഡം സര്‍ക്യൂട്ട്, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയ മേഖലകളെ ഉപയോഗപ്പെടുത്തി കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാക്കി തളിപ്പറമ്പിനെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രവും ജലഗതാഗത സംവിധാനവും, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീ കൃഷ്ണക്ഷേത്രം, നീലിയാര്‍ കോട്ടം, ശ്രീ വൈദ്യനാഥ ക്ഷേത്രം, എന്നിവയുള്‍പ്പെടുത്തി പില്‍ഗ്രിം ടൂറിസം സെന്റര്‍ നടപ്പാക്കും.

1910 ല്‍ പണികഴിപ്പിച്ച തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ തളിപ്പറമ്പിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന രീതിയില്‍ ആളുകള്‍ക്ക് കാണുവാനും, പഠിക്കുവാനും ഉള്ള സൗകര്യത്തോടു കൂടി ഹെറിറ്റേജ് ടൂറിസം കൂടി പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും.

സ്വതന്ത്ര്യസമര ചരിത്രവും, മോറാഴ ഉള്‍പ്പെടെയുള്ള സമരചരിത്രം അനാവരണം ചെയ്യപ്പെടുന്ന ഫ്രീഡം സര്‍ക്യൂട്ട് പദ്ധതി വിഭാവനം ചെയ്യും.

ടൂറിസം രംഗത്ത് അനന്ത സാധ്യതയുള്ള വെള്ളിക്കീല്‍ ഇക്കോ പാര്‍ക്കിന്റെ സമഗ്ര വികസനം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

കുട്ടികള്‍ക്കുള്ള പാര്‍ക്ക്, മെഡിറ്റേഷന്‍ സ്‌പേസ്, നടപ്പാത, പെഡല്‍ ബോട്ട് സര്‍വീസ്തുടങ്ങി മുഴുവന്‍ ആളുകള്‍ക്കും സമയം ചെലവഴിക്കാനും ആസ്വദിക്കാനും പറ്റുന്ന തരത്തില്‍ വെള്ളിക്കീല്‍ ഇക്കോ പാര്‍ക്കിനെ വികസിപ്പിക്കും.

ടൂറിസം സാധ്യതകള്‍ കൂടി പരിഗണിച്ച് തളിപ്പറമ്പ് പിഡബ്ല്യുഡി റസ്റ്റ് ഹൗസ് നവീകരിച്ചുകൊണ്ട് സംസ്ഥാനത്തെ തന്നെ മികച്ച റസ്റ്റ് ഹൗസാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു.

ഇത് സംബന്ധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവരോട് മന്ത്രി ആവശ്യപ്പെട്ടു.

ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാര്‍ക്ക് പുറമെ ആന്തൂര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ പി മുകുന്ദന്‍, തളിപ്പറമ്പ മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി,

തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രെസിഡന്റ് സി എം കൃഷ്ണന്‍, ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി,

ഡിടിപിസി റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ അനിതകുമാരി, ഡിടിപിസി സെക്രട്ടറി ജിതേഷ് കുമാര്‍, സിപിഎം തളിപ്പറമ്പ ഏരിയ സെക്രട്ടറി കെ സന്തോഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.