ഇന്ത്യന്‍ കോഫിഹൗസിന്റെ വിറക് സംഭരണം താലൂക്ക് ഓഫീസ് വളപ്പില്‍-താലൂക്ക് വികസനസമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം.
തളിപ്പറമ്പ്: ഇന്ത്യന്‍ കോഫി ഹൗസിന്റെ വിഖകുപുരയായി താലൂക്ക് ഓഫീസ് വളപ്പ് മാറുന്നതിനെതിരെ ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ രൂക്ഷവിമര്‍ശനം.
ഇത് സംബന്ധിച്ച് കേരളാ ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി.രവീന്ദ്രന്‍ വികസനസമിതി മുമ്പാകെ നല്‍കിയ പരാതിയുെട ചര്‍ച്ചക്കിടയിലാണ് വിമര്‍ശനം ഉയര്‍ന്നത്.
പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിച്ച അധ്യക്ഷന്‍ കൂടിയായ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഇത് നഗരസഭാ അധികൃതര്‍ പരിശോധിച്ചതായും ഇവിടെ മാലിന്യം കൂടിക്കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അറിയിച്ചു.
രാത്രികാലങ്ങളിലും അവധിദിനങ്ങളിലും വിറക് ഇറക്കാനായി താലൂക്ക് ഓഫീസ് അധികൃതര്‍ ഒത്താശ ചെയ്യുന്നതായും വിമര്‍ശനമുയര്‍ന്നു. ഇത് പരിശോധിക്കുമെന്നും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഭൂരേഖ തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ യോഗത്തെ അറിയിച്ചു.
താലൂക്ക് ഓഫീസ് ആധികൃതര്‍ കൂടി സഹകരിച്ചാല്‍ നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരെ കൂടി ഉപയോഗപ്പെടുത്തി താലൂക്ക് ഓഫീസ് പരിസരം ശുചീകരിക്കാമെന്ന് നഗരസഭാ സെക്രട്ടെറിയും യോഗത്തെ അറിയിച്ചു.
മന്ന ജംഗ്ഷനില്‍ ആലക്കോട് റോഡില്‍ ഗുഡ്‌സ് ഓട്ടോറിക്ഷകള്‍ ബസ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യുന്നത് കാരണം ബസില്‍ കയറാന്‍ നാട്ടുകാരും വിദ്യാര്‍ത്ഥികളും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച എ.വി.രവീന്ദ്രന്റെ പരാതിയില്‍ നടപടി സ്വീകരിക്കാന്‍ യോഗം പോലീസിന് നിര്‍ദ്ദേശം നല്‍കി.
തളിപ്പറമ്പ് മന്നയിലെ ഗതാഗതകുരുക്ക് പരിഹരിക്കാനായി ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മിക്കുന്നതിന് ഫൈനല്‍ അലൈന്‍മെന്റ് അംഗീകരിച്ചതായി പി.ഡബ്ലു.ഡി യോഗത്തെ അറിയിച്ചു.
ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ ഫെയര്‍വാല്യു നിര്‍ണയിക്കാന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തി. ഇനി സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാറില്‍ നിന്ന് അനുമതി ലഭിക്കണം.
സര്‍സയ്യിദ് കോളേജ്-ഭ്രാന്തന്‍കുന്ന് റോഡ് അറ്റകുറ്റപ്പണിക്ക് ജില്ലാ ആസൂത്രണസമിതി.ുടെ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്ന് കുറുമാത്തൂര്‍ പഞ്ചായത്ത് അധികൃതര്‍ യോഗത്തെ അറിയിച്ചു.
കാര്‍ഷിക വായ്പകള്‍ക്ക് എസ്.ബി.ഐ അനധികൃതത പ്രോസസിംഗ് ഫീ ഈടാക്കിയെന്ന ടി.എസ്.ജയിംസിന്റെ പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
പറശിനിക്കടവ് ഫ്‌ളോടിംഗ് റസ്‌റ്റോറന്റിന് സമീപം മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയത് നീക്കം ചെയ്തതായി കെല്‍ അധികൃതര്‍ അറിയിച്ചു.
താലൂക്ക് ഓഫീസ് ജംഗ്ഷന്‍ മുതല്‍ കപ്പാലം വരെയുള്ള മെയിന്‍ റോഡ് വണ്‍വേ ആക്കുന്നതില്‍ പോലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
കൊളച്ചേരി പഞ്ചായത്തിലെ പാട്ടയത്ത് വ്യാപകമായി തോട് കയ്യേറ്റം നടന്നത് അന്വേഷണത്തില്‍ വ്യക്തമായിട്ടും ബന്ധപ്പെട്ട അധികൃതര്‍ക്ക് അത് ഒഴിപ്പിച്ചെടുക്കാന്‍ സാധിക്കുന്നില്ലെന്ന് യോഗത്തില്‍ വിമര്‍ശനയുയര്‍ന്നു.
ഇത് സംബന്ധിച്ച് പി.മുഹമ്മദ്കുഞ്ഞി നാല് വര്‍ഷം മുമ്പ് നല്‍കിയ പരാതിയില്‍ ഒരു നടപടികളും സ്വീകരിക്കാന്‍ സാധിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.
ചെമ്പന്തൊട്ടിയിലെ കരിങ്കല്‍ക്വാറികള്‍ അപകടാവസ്ഥയിലായത് പൊതുജനങ്ങള്‍ക്ക് ഭീഷണിസൃഷ്ടിക്കുന്നതായി ആം ആദ്മി പാര്‍ട്ടി നേതാവ് തോമസ് കുര്യന്‍ വികസനസമിതി മുമ്പാകെ ഉന്നയിച്ചു.
ഈ വിഷയത്തില്‍ ശ്രീകണ്ഠാപുരം നഗരസഭ സ്വീകരിക്കുന്ന സമീപനം ജനവിരുദ്ധമാണെന്നും തോമസ് കുര്യന്‍ ചൂണ്ടിക്കാട്ടി. ഭൂരേഖ തഹസില്‍ദാര്‍ കെ.ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു.