പയ്യന്നൂരില്‍ വീട് കുത്തിതുറന്ന് ഒമ്പത് ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

പയ്യന്നൂര്‍: പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് ഒന്‍പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു.

പയ്യന്നൂര്‍ കണ്ടങ്കാളി കുറുങ്കടവ് റോഡില്‍ താമസിക്കുന്ന പള്ളിക്കുളത്ത് വീട്ടില്‍ പി.മധുസൂദനന്റെ(73)വീട്ടിലാണ് കവര്‍ച്ച നടന്നത്.

മുന്‍ വശത്തെവാതിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തുണിയുടെ കൂടെ സൂക്ഷിച്ച ഒന്നര പവന്റെ അമേരിക്കന്‍ ഡയമണ്ട് പിടിപ്പിച്ച ഒരു നെക്ലൈസ്, ഒന്നരപവന്‍ തൂക്കം വരുന്ന ബ്രേസ് ലെറ്റ്, അരപവന്‍ തൂക്കം വരുന്ന രണ്ട് ഇയര്‍ സ്റ്റഡ്, ഒരു പവന്‍ തൂക്കം വരുന്ന രണ്ട് ജിമിക്കി കമ്മല്‍, ആറ് ഗ്രാം തൂക്കം വരുന്ന വെഡിംഗ് റിങ്ങ്, ഓരോ പവന്‍ വീതം തൂക്കം വരുന്ന മൂന്ന് മോതിരം എന്നിവ ഉള്‍പ്പെടെ എട്ടേകാല്‍ പവനോളം തൂക്കം വരുന്ന ഒമ്പത് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തു കൊണ്ടുപോയി.

ഇക്കഴിഞ്ഞ മാര്‍ച്ച് 13 ന് രാവിലെ 6-മണിയോടെ വീടുപൂട്ടി വീട്ടുകാര്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സാര്‍ത്ഥം പോയതായിരുന്നു, ഇന്ന് വ്യാഴാഴ്ച്ച നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് പയ്യന്നൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പരാതിയില്‍ കേസെടുത്ത പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

ഫോറന്‍സിക് വിദഗ്ദരും ഡോഗ്‌സ്‌ക്വാഡും പരിശോധനക്കെത്തി.

രണ്ടു ദിവസം മുമ്പ് തൊട്ടടുത്ത കാര്‍പെന്റര്‍ തൊഴിലാളി വേണുവിന്റെ വീട്ടിലും മോഷണം നടന്നിരുന്നു.

വേണു രണ്ടാം തീയതി രാത്രി 9.30 മണിയോടെ വീടു പൂട്ടി മാവിച്ചേരിയിലെ മകളുടെ വീട്ടിലേക്കു പോയതായിരുന്നു രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ കുത്തി തുറന്ന നിലയില്‍ കണ്ടത്.

അകത്തെ മുറിയിലെ അലമാരയില്‍ സൂക്ഷിച്ച ഒരു ജോഡി സ്വര്‍ണ്ണ കമ്മല്‍ മോഷണം പോയിരുന്നു.

പോലീസ് സി.സി ടി.വി കാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ്.