അധികൃതര്‍ ഉറങ്ങിയപ്പോള്‍ പ്രകൃതി തന്നെ പണി തീര്‍ത്തു, ആര്‍ക്കും അപകടമില്ലാതെ മരം വീണു.
മാതമംഗലം: അധികൃതരുടെ ഇടപെടലില്ലാതെ ഒടുവില്‍ പ്രകൃതി തന്നെ അപകടമരം വീഴ്ത്തി.
ഒരു വര്‍ഷത്തിലേറെയായി അപകടാവസ്ഥയിലായ മരം ഇന്ന് രാവിലെ കടപുഴകി വീണു.
മാതമംഗലം ഹരിത പച്ചക്കറി മാര്‍ക്കറ്റിന് സമീപം റോഡിരികില്‍ ഉണങ്ങി നിന്ന കാഞ്ഞിരമരമാണ് ഇന്ന് രാവിലെ ഒന്‍പതരയോടെ പൊട്ടിവീണത്, മരം വീണ് ഓട്ടോറിക്ഷ തകര്‍ന്നു.
പൂര്‍ണമായി ഉണങ്ങിയ മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പൊതുമരാമത്തു അധികൃതരുമായി നാട്ടുകാരും, വ്യാപാരികളും, എരമം കുറ്റൂര്‍ പഞ്ചായത്ത് അധികൃതരും ബന്ധപ്പെട്ടിരുന്നു.
കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഉള്‍പ്പെടെ എല്ലാ അച്ചടി-ദൃശ്യമാധ്യമങ്ങളും ഇതിന്റെ അപകടാവസ്ഥയെ കുറിച്ച് വാര്‍ത്തകള്‍ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം മരത്തിന്റെ അതീവ അപകടാവസ്ഥ വീണ്ടും കണ്ണൂര്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഇതെല്ലാം അവഗണിച്ച പൊതുമരാമത്ത് വകുപ്പ് ഈ അപകടത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
മാതമംഗലം ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറായ പേരുല്‍ സ്വദേശി സുരേഷ് ബാബുവിന്റെ ഓട്ടോയ്ക്ക് മുകളിലാണ് മരത്തിന്റെ ശാഖകള്‍ പതിച്ചത്.
ഓട്ടോ തകര്‍ന്ന നിലയിലാണ്.
ഓട്ടോ ഡ്രൈവറും, ഓട്ടോയിലെ യാത്രക്കാരനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അധികൃതരുടെ നിലപാടില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
പെരിങ്ങോത്തുനിന്നും എത്തിയ അഗ്നിശമനസേനയാണ് മരം മുറിച്ചുനീക്കി ഗതാഗതം പുന:സ്ഥാപിച്ചത്.