വെട്ടുകേസില്‍ പേരൂല്‍ സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍.

മാതമംഗലം: മകന്‍ പ്രേമിച്ച് വിവാഹം കഴിച്ചതിന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അച്ഛനും സുഹൃത്തും അറസ്റ്റില്‍, ഒരാള്‍ ഒളിവില്‍.

പേരൂലിലെ ഇട്ടമ്മല്‍ പവിത്രന്‍, പെടച്ചി വീട്ടില്‍ വിനോദ് എന്നിവരെയാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്.

പേരൂല്‍ കിഴക്കേക്കരയിലെ അടുക്കാടന്‍ വീട്ടില്‍ എം.വി.ലീലയെയാണ്(63)ഇവര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

തിങ്കളാഴ്ച്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.

കത്തിവാള്‍ കൊണ്ട് തലക്ക് വെട്ടേറ്റ ലീലയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പവിത്രന്റെ മകള്‍ ലീലയുടെ മകനെ പ്രേമിച്ച് വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചിരുന്നു.

ഇതിന്റെ പ്രതികാരമായിട്ടാണ് ലീലയുടെ വീട്ടിലെത്തിയ പവിത്രനും മറ്റ് രണ്ടുപേരും ചേര്‍ന്ന് അവരുടെ ഭര്‍ത്താവ് എ.വി.രവീന്ദ്രനെ(65)മര്‍ദ്ദിച്ചത്.

ഇത്കണ്ട് തടയാനെത്തിയ ലിലയുടെ തലക്ക് വെട്ടുകയായിരുന്നുവത്രേ.

പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ നില ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.

എല്ലാറ്റിനേയും വെട്ടിക്കൊന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് സംഘം ഭീഷണിമുഴക്കിയാണത്രേ ഇവര്‍ സ്ഥലംവിട്ടത്.

ഈ കേസില്‍ ഒരാളെ പിടികിട്ടാനുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.