വ്യാജ വാര്‍ത്തക്കെതിരെ പ്രതിഷേധിക്കുക-മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു)

തളിപ്പറമ്പ്: ടി.ടി.കെ. ദേവസ്വം എല്‍.ഡി ക്ലാര്‍ക്ക് മുല്ലപ്പള്ളി നാരായണനെതിരെ സര്‍വീസ് ബുക്കില്‍ വ്യാജ ഒപ്പും, സീലും ഉപയോഗിച്ച് തിരിമറി നടത്തി എന്ന് ജന്മഭൂമി പത്രത്തിലുടെ ഒരു സംഘടന പ്രചരിപ്പിക്കുന്നത് തികച്ചും വസ്തുതാ വിരുദ്ധവും കളവുമാണെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു.

നല്ല നിലയില്‍ ഭരണം നടക്കുന്ന ടി.ടി.കെ. ദേവാസ്വത്തിന്റെ യശസ്സിന് കളങ്കം വരുത്താനും ക്ഷേത്രത്തെ അപമാനിക്കാനും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ വരുത്തുന്നതിനുമാണ് ഈ വ്യാജപ്രചാരണം. ഇത്തരം പ്രവര്‍ത്തിക്കെതിരെ പ്രതിഷേധിക്കണമെന്ന് സംഘടന ആഹ്വാനം ചെയ്തു.

പുതിയ ശമ്പളപരിഷ്‌കരണത്തിന്റെ ഭാഗമായി പരിശോധനക്കും മറ്റും സര്‍വീസ് ബുക്ക്‌കൊണ്ടുപോകുന്നതും അവ കൈകാര്യം ചെയ്യുന്നതും കെ.പി.പരമേശ്വരന്‍ എന്ന ടി.ടി.കെ ദേവസ്വം ജീവനക്കാരനാണ്.

സര്‍വീസ് ബുക്കിന്റെ കസ്റ്റോഡിയന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍/ടി.ടി.കെ. ദേവസ്വം പ്രസിഡന്റ് ആണെന്നിരിക്കെ ജീവനക്കാരനായ പരമേശ്വരന്‍ സര്‍വീസ് ബുക്ക് കൈകാര്യം ചെയ്യുന്നത് നിയമ വിരുദ്ധമാണ്.

പരമേശ്വരന്‍ എന്തോ നിക്ഷിപ്ത താല്പര്യ പ്രകാരം ഇടപെട്ടത് ശരിയായ കാര്യമല്ല. കൂടാതെ ഇത് സംശയകരവുമാണ്. പരമേശ്വരനും മുല്ലപ്പള്ളി നാരായണനും തമ്മില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്കുള്ള യോഗ്യത സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ കേസ് നിലവിലുള്ളതാണ്.

വസ്തുത ഇതാണ് എന്നിരിക്കെ മുല്ലപ്പള്ളി നാരായണന്‍ എന്ന വ്യക്തിയെ സമൂഹമധ്യത്തില്‍ താറടിച്ചു കാണിക്കാനും, ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനും നടക്കുന്ന പ്രവര്‍ത്തനം വ്യാമോഹം മാത്രമാണെന്നും അത്തരം പ്രചരണത്തെ ചെറുത്തു തോല്‍പ്പിക്കുമെന്നും മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സിഐടിയു ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.