ടി ടി കെ ദേവസ്വത്തിലെ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം: സേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍.

തളിപ്പറമ്പ്: ടി ടി കെ ദേവസ്വം ട്രസ്റ്റി ബോര്‍ഡിലെ രാഷ്ട്രീയകളികള്‍ അവസാനിപ്പിക്കണമെന്ന് ശ്രീകൃഷ്ണ സേവാസമിതി പ്രസിഡന്റ് എ.പി.ഗാഗാധരന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ നോമിനികളായ പാരമ്പര്യേതര ട്രസ്റ്റിമാരുടെ രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി ഇത്തവണയും തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രോത്സവ ആഘോഷത്തില്‍ ശ്രീകൃഷ്ണ സേവാ സമിതിക്ക് പ്രവര്‍ത്തനാനുമതിനല്‍കിയില്ലെന്ന് ഗംഗാധരന്‍ ആരോപിച്ചു.

തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രാത്സവ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുക എന്ന പ്രധാനലക്ഷ്യം മുന്‍നിര്‍ത്തി 1976 ലാണ് തൃച്ചംബരം ശ്രീകൃഷ്ണ സേവാ സമിതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്.

ഇന്ന് തൃച്ചംമ്പരം ക്ഷേത്രത്തില്‍ കാണുന്ന ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലും അന്നദാനം അടക്കമുള്ള കാര്യങ്ങള്‍ നിര്‍വ്വഹിച്ചു വന്നതും 46 വര്‍ഷമായി പ്രവര്‍ത്തിച്ചു വന്നിരുന്ന ശ്രീകൃഷ്ണ സേവാ സമിതിയായിരുന്നു.

എന്നാല്‍ ടി ടി കെ ദേവസ്വം ട്രസ്റ്റീ ബോഡിലേക്ക് പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ സി.പി.എം പ്രവര്‍ത്തകര്‍ നിയമിതരായതോട് കൂടി കക്ഷിരാഷ്ട്രീയത്തിന് അതീതമായി വളരെ നല്ലനിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ശ്രീകൃഷ്ണ സേവാ സമിതിയെ പൂര്‍ണ്ണമായി ഒഴിവാക്കുകയും പ്രധാന ചുമതലകളില്‍ സജീവ സി.പി.എം പ്രവര്‍ത്തകര്‍ക്ക് മേല്‍ക്കൈ ഉറപ്പാക്കി ആഘോഷ കമ്മറ്റി രൂപീകരിച്ച് ക്ഷേത്രോത്സവ ആഘോഷ പരിപാടികള്‍ നടത്തിവരികയുമാണ്.

സി.പി.എമ്മിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഭക്തജനങ്ങള്‍ ഏറെ നിരാശരാണ്. 1976 മുതല്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ചു വന്നിരുന്ന തൃച്ചംമ്പരം ശ്രീകൃഷ്ണ സേവാ സമിതിയെ തൃച്ചംബരം ക്ഷേത്രാത്സവ പരിപാടി നടത്തിപ്പില്‍ നിന്നും ഒഴിവാക്കിയെങ്കിലും മലബാര്‍ ദേവസ്വം ബോഡിന് കീഴിലുള്ള ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളിലും സി പി എമ്മിന് ആധിപത്യമുള്ള രജിസ്റ്റര്‍ ചെയ്ത ആഘോഷ കമ്മറ്റികള്‍ തന്നെയാണ് ഇപ്പോഴും ക്ഷേത്രാഘോഷ പരിപാടികള്‍ നടത്തി വരുന്നത്.

തളിപ്പറമ്പ് ഏരിയയിലെ പ്രധാനക്ഷേത്രങ്ങള്‍ തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കുക എന്ന സി പി എമ്മിന്റെ രാഷ്ട്രീയ തീരുമാനമാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ 46 വര്‍ഷമായി പ്രവര്‍ത്തിച്ചു വന്നിരുന്ന തൃച്ചംബരം ശ്രീകൃഷ്ണ സേവാ സമിതിയെ ആഘോഷ പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിന്റെ കാരണമെന്ന് എ.പി.ഗംഗാധരന്‍ പറഞ്ഞു.

നിയമത്തിനും ഭക്തജനതാത്പര്യത്തിനും വിരുദ്ധമായ നിരവധി കാര്യങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി ഭരണസ്വാധീനം ഉപയോഗിച്ച് ടി ടി കെ ദേവസ്വത്തില്‍ സി പി എം അനുവര്‍ത്തിച്ചു വരുന്നതെന്ന് ഗംഗാധരന്‍ ആരോപിച്ചു.

2012 ലെ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ടി ടി കെ ദേവസ്വത്തില്‍ സര്‍ക്കാര്‍ നോമിനികളായ പാരമ്പര്യേതര ട്രസ്റ്റിമാരുടെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള നിയമനക്രമക്കേടുകള്‍ക്കും, നിയമനഅഴിമതികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ പി ഗംഗാധരന്‍ പറഞ്ഞു .

രാഷ്ട്രീയക്കളിക്ക് മിണ്ടാപ്രാണിയും ഇരയായി.

2012 ലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് പോലും മാനിക്കാതെ നിരവധി പിന്‍വാതില്‍ നിയമനങ്ങള്‍ ഈ അടുത്ത കാലത്ത് ടി ടി കെ ദേവസ്വത്തില്‍ നടത്തിയിട്ടുണ്ട്.

അത്തരം പിന്‍വാതില്‍ നിയമനങ്ങളുടെ ഒരു ഇരയാണ് രാജരാജേശ്വര ക്ഷേത്രത്തിലെ ഗണപതി എന്ന ആന. വനം വകുപ്പ് നിയമപ്രകാരമുള്ള പഠനം കഴിഞ്ഞ ലൈസന്‍സുള്ളയാളെ മാത്രമേ ആന പാപ്പാനായി നിയമിക്കാന്‍ പാടുള്ളു എന്ന നിയമം ലംഘിച്ച് ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് ആനപാപ്പാന്‍ തസ്തികയില്‍ യാതൊരു നടപടിക്രമവും പാലിക്കാതെ പിന്‍വാതില്‍ സ്ഥിരനിയമനം നല്‍കുകയും അതുവരെ ആനയെ പരിപാലിച്ചു വന്നിരുന്ന ലൈസന്‍സ് ഉള്ളയാളെ ആനപാപ്പാന്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തതിനെ തുടര്‍ന്ന് ആനയെ വര്‍ഷങ്ങളോളം ഒരേ കെട്ടില്‍ കെട്ടിയിടേണ്ട അവസ്ഥ ഉണ്ടാവുകയും ആന അവശനിലയിലാവുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ലൈസന്‍സുള്ള പാപ്പാനെ താല്‍ക്കാലികമായി നിയമിച്ചത് കൊണ്ട് മാത്രമാണ് ആനയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിട്ടുള്ളത് .
തങ്ങളുടെ സ്വന്തക്കാരന് ജോലി ഉറപ്പാക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ആനപാപ്പാന്‍ തസ്തികയില്‍ ലൈസന്‍സില്ലാത്ത ആള്‍ക്ക് സ്ഥിര നിയമനം നല്‍കുകയും പിന്നീട് സെക്യൂരിറ്റി ആയി മാറ്റി നിയമിക്കുകയും ചെയ്തിട്ടുള്ളത്.

ദേവസ്വത്തിലെ സെക്ക്യൂരിറ്റി ജോലികള്‍ പുറംകരാര്‍ വ്യവസ്ഥയില്‍ ഏജന്‍സി മുഖേന നടത്തണമെന്നാണ് നിയമം. അതുകൊണ്ടാണ് ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് ആനപാപ്പാന്‍ തസ്തികയില്‍ സ്ഥിര നിയമനം നല്‍കുകയും പിന്നീട് വര്‍ക്ക് അറേഞ്ച്‌മെന്റില്‍ സെക്യൂരിറ്റി ആയി മാറ്റി നിയമിക്കുകയും ചെയ്തിട്ടുള്ളത്.