ടി.ടി.കെ ദേവസ്വം മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണനെതിരെയുള്ള ബി.ജെ.പി നേതാവിന്റെ ദുഷ്പ്രചാരണം തള്ളിക്കളയണം-പി.ഗോപിനാഥന്‍.

തളിപ്പറമ്പ്: മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ ടി ടി കെ ദേവസ്വം പണം കൊള്ളയടിച്ചു എന്ന് പറഞ്ഞുകൊണ്ട് ബി.ജെ.പി. നേതാവിന്റെ പ്രസ്താവന നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് കാണാനിടയായി. പ്രസ്തുത വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ തികച്ചും അവാസ്തവവും രാഷ്ട്രീയ ഉദ്ദേശത്തോടെയുമുള്ളതാണെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ തളിപ്പറമ്പ് ഏരിയാ കമ്മറ്റി സെക്രട്ടറി പി. ഗോപിനാഥന്‍ പ്രസ്താവനയില്‍ അറിയിച്ചു.

മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ തളിപ്പറമ്പ് ഏരിയാ പ്രസിഡന്റ് കൂടിയായ മുല്ലപ്പള്ളി നാരായണനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത് തികച്ചും രാഷ്ട്രീയ പ്രേരിതവും കെ.പി.പരമേശ്വരന്‍ എന്ന ബി.എം.എസ് നേതാവിനെ എക്സി ക്യുട്ടീവ് ഓഫീസര്‍ സ്ഥാനത്ത് കൊണ്ടുവരാനുള്ള ഗൂഡ നീക്കവുമാണ്.

മുല്ലപ്പള്ളി നാരായണന്‍ എന്ത് അഴിമതിയാണ് നടത്തിയത് എന്ന് ബി.ജെ.പി നേതാവ് വ്യക്തമാക്കണം.

സാമ്പത്തിക തിരിമറി നടത്തി എന്നത് തികച്ചും ആവാസ്തവവും ഭാവനാവിലാസവുമാണ്.

അദ്ദേഹത്തിന്റെ സര്‍വ്വിസ് കാലയളവില്‍ ഇന്നേവരെ ഒരു ട്രസ്റ്റി ബോര്‍ഡും അച്ചടക്ക നടപടിയോ ഒരു നോട്ടീസ് പോലുമോ നല്‍കുക ഉണ്ടായിട്ടില്ല.

പിന്നെ അനധികൃതമായി ശമ്പളം പറ്റി എന്നാണെങ്കില്‍ എക്സിക്യുട്ടീവ് ഓഫീസറുടെ അധിക ചുമതല വഹിക്കുന്നതിന് അതാത് കാലങ്ങളിലെ ട്രസ്റ്റി ബോര്‍ഡ് ഏകകണ്ഠമായി തീരുമാനിച്ചു നല്‍കിയതാണ്.

ഓഡിറ്റ് വിഭാഗം അധികം നല്‍കിയ തുകയില്‍നിന്ന് കൂടുതല്‍ ഉള്ള സംഖ്യ തിരിച്ചു പിടിക്കണം എന്ന് ന്യുനതയില്‍ ചൂണ്ടിക്കാട്ടിയിരുന്നത് തിരിച്ചുപിടിക്കാനുള്ള നടപടി കൈക്കൊള്ളുന്നുമുണ്ട്. അതെങ്ങനെ അഴിമതിയാകും.

25 ലക്ഷം രൂപ അഴിമതിനടത്തി എന്ന് വെറുതെ വിളിച്ചുപറയാതെ കോടതിയില്‍ പോയി തെളിയിക്കുകയാണ് വേണ്ടത്.

ഒരു ജീവനക്കാരനെ സസ്‌പെന്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട യാതൊരു നടപടി ക്രമവും പാലിക്കാതെയാണ് സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് നടന്നത് എന്നത് കൊണ്ടാണ് പിന്‍വലിക്കേണ്ടിവന്നത്.

മറ്റൊരു കാര്യം പാരമ്പര്യേതര ട്രസ്റ്റി മാരെ നീക്കം ചെയ്തിരുന്നില്ല.

ബിജെപി നേതാവിന്റെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി നിയമനം സംബന്ധിച്ച് വ്യക്തത ആവശ്യപ്പെടുകയാനുണ്ടായത്.

മലബാര്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കിയതിനേ തുടര്‍ന്ന് അവര്‍ തല്‍ സ്ഥാനത്ത് തുടരുകയാണ്.

നടപടിക്രമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി പിരിച്ചുവിട്ട തൃച്ചംബരം ശ്രീകൃഷ്ണ സേവ സമിതി കോടതി വിധി ലംഘിച്ച് അതേ പേരില്‍ പണപിരിവ് നടത്തി ക്ഷേത്രത്തിനുപുറത്ത് പരിപാടികള്‍ സംഘടിപ്പിച്ച് ഭക്തജനങ്ങളെ വഞ്ചിക്കുന്നവരാണ് ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് മുല്ലപ്പള്ളി നാരായണനെതിരെ രംഗത്ത് വരുന്നത്. ഇത് വിരോധാഭാസമല്ലാതെ മറ്റെന്താണ്.

മുല്ലപ്പള്ളി നാരായണന്‍ സര്‍വീസ് ബുക്ക് തിരുത്തി എന്ന് പറയുന്നത് ഉത്തരവാദപ്പെട്ട മേലുദ്യോഗസ്ഥര്‍ പരിശോധിക്കേണ്ട കാര്യമാണ്.

പ്രസിഡന്റിന്റെ കസ്റ്റഡിയിലുള്ള സര്‍വീസ് ബുക്ക് തിരുത്തി എന്നത് തന്നെ ബാലിശമായ ആരോപണമാണ്.

കെ.പി.പരമേശ്വരന്റെ കൈയില്‍ മുല്ലപ്പള്ളിയുടെ സര്‍വീസ് ബുക്ക്എങ്ങിനെ എത്തി എന്നതും പരിശോധിക്കേണ്ട കാര്യമാണ്.

വിശദമായ പരിശോധനകള്‍ക്ക് ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടി കൈക്കൊള്ളുന്നതിന് ആരും എതിരല്ല.

വനിതാ ജീവനക്കാരെ അസഭ്യം പറയുകയും ജീവനക്കാരനെതിരെ കൈയേറ്റം ചെയ്യുകയും ചെയ്തതിനാണ് ട്രസ്റ്റി ബോര്‍ഡ് ഏകകണ്ഠമായി കെ.പി. പരമേശ്വരനെ സസ്‌പെന്റ് ചെയ്യുകയും അന്വേഷണകമ്മീഷനെ നിയമിക്കുകയും ചെയ്തത്.

എന്നാല്‍ മാറിവന്ന ട്രസ്റ്റി ബോര്‍ഡ് പാരമ്പര്യേതര ട്രസ്ടിമാര്‍ ഇല്ലാത്ത അവസരത്തില്‍ നടപടിക്രമം പാലിക്കാതെ പരമേശ്വരനെ തിരിച്ചെടുക്കുകയും അനര്‍ഹമായി സസ്‌പെന്‍ഷന്‍ കാലയളവിലെ ലക്ഷക്കണക്കിന് രൂപ ശമ്പളവും ഉത്സവബത്ത പോലുള്ള ആനുകൂല്യങ്ങളും നല്‍കിയത് തിരിച്ചു പിടിക്കാനുള്ള നടപടികള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കൈക്കൊള്ളണം.

ദക്ഷിണേന്ത്യയിലെ അതി പ്രശസ്തമായ രാജരാജശ്വര ക്ഷേത്രവും, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രവും ഉള്‍പ്പെടുന്ന ടി.ടി.കെ. ദേവസ്വത്തില്‍ പാരമ്പര്യ ട്രസ്റ്റിമാര്‍ നടത്തുന്ന രാഷ്ട്രീയ പ്രേരിതവും, സ്വജനപക്ഷപാതപരവുമായ നടപടികള്‍ അവസാനിപ്പിച്ച് ക്ഷേത്രവിശുദ്ധി സംരക്ഷിക്കുന്നതിന് മുന്നോട്ട് വരണം.

ബി.ജെ.പിയും ബി.എം.എസും നടത്തുന്ന നുണപ്രചാരണം അവജ്ഞയോടെ തള്ളിക്കളയണമെന്നും പ്രസ്താവനയില്‍ പറയുന്നു.