മോഷ്ടിക്കാനെത്തുന്നത് കുടുംബസമേതം ലോഡ്ജില്‍ മുറിയെടുത്ത്

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: ഭാര്യയും രണ്ട് കുട്ടികളും അടങ്ങിയ കുടുംബവുമായായി പറശ്ശിനിക്കടവിലെ ലോഡ്ജില്‍ മുറിയെടുത്താണ് ഉമേഷ് റെഡ്ഡി മേഷണത്തിന് എത്തിയത്.

ടിവി, ഫ്രിഡ്ജ് പോലെയുള്ള ഇലക്ട്രിക് വസ്തുക്കള്‍ റിപ്പയര്‍ ചെയ്യാനുണ്ടോ എന്ന് ചോദിച്ച് നാട്ടിലിറങ്ങി നടന്ന് മോഷണം നടത്തേണ്ട വീട് കണ്ടെത്തിയാണ് കവര്‍ച്ചക്കായി പ്രതി ഉമേഷ് ആന്തൂര്‍ കാവിന് സമീപത്തെ ചേനന്‍ തങ്കമണിയുടെ വീട്ടില്‍ എത്തുകയും കവര്‍ച്ച നടത്തുകയും ചെയ്തത്.

തുടര്‍ന്ന് അന്നു തന്നെ പറശ്ശിനിക്കടവിലെ റൂം ഒഴിഞ്ഞ് കണ്ണൂരിലെ ലോഡ്ജില്‍ മുറിയെടുത്തു. പോലീസ് പിന്തുടരുന്നതായി സംശയം തോന്നി അതും ഒഴിഞ്ഞ് തോട്ടടയിലെ റിസോര്‍ട്ടില്‍ താമസിക്കവെയാണ് പ്രതിയെ അന്വേഷണ സംഘം പിടികൂടിയത്.

ഇലക്ട്രീഷ്യനെന്ന വ്യാജേന ഒരാള്‍ നാട്ടില്‍ കറങ്ങിയ വിവരം നാട്ടുകാരില്‍ നിന്ന് മനസിലാക്കിയ അന്വേഷണ സംഘം ആ വഴിക്ക് അന്വേഷണം നടത്തുകയും സി സി ടിവി ദൃശ്യങ്ങളിലൂടെ പ്രതിയിലേക്ക് എത്തുകയുമായിരുന്നു.

നന്നായി മലയാളം സംസാരിക്കുന്ന ഇയാള്‍ സംശയം ഒട്ടും തോന്നാത്ത വിധത്തിലാണ് വീടുകളില്‍ ജോലിയുണ്ടോ എന്ന് അന്വേഷിച്ചെത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

ആന്തൂരില്‍ മോഷണം നടത്തിയതിന് പിടിയിലായ ഉമേഷ് എന്ന ഉമേഷ് റെഡ്ഡി ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധനായ കള്ളന്‍.

തമിഴ്‌നാട്, ആന്ധ്ര, കേരളം, കര്‍ണാടക എന്നിവിടങ്ങളിലും ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

കേരളത്തിലെ എല്ലാ ജില്ലകളിലും മോഷണം നടത്തിയിട്ടുള്ള ഇയാളുടെ പേരില്‍ മലപ്പുറം, വയനാട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ കേസുകളുള്ളത്. അതില്‍ ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ മേഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ക്ഷേത്രനഗരങ്ങളില്‍ കുടുംബസമേതം എത്തി പ്രധാന ഹോട്ടലുകളില്‍ മുറിയെടുത്ത ശേഷമാണ് മോഷണം പ്ലാന്‍ ചെയ്യുന്നത്.

പരിസര പ്രദേശത്തെ വീടുകളില്‍ ചെന്ന് ടി.വി, ഫ്രിഡ്ജ്, കമ്പ്യൂട്ടര്‍ എന്നിവയുടെ റിപ്പേര്‍ ജോലിയുണ്ടോ എന്ന് അന്വേഷിച്ചെത്തിയാണ് മോഷണം പ്ലാന്‍ ചെയ്യാറുള്ളത്.

ഇലക്ട്രോണിക്‌സ് സാധനങ്ങല്‍ റിപ്പേര്‍ ചെയ്യുന്നതില്‍ വിദഗ്ദ്ധ പരിശീലനം നേടിയ ഉമേഷ് വീടുകളില്‍ റിപ്പേറിന് ചെന്നാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് പോലീസ് പറഞ്ഞു.

അകത്തുകയറി വീടുകളുടെ അന്തരീക്ഷം പഠിച്ചെടുക്കാന്‍ സാധിക്കുമെന്നതിനാലാണ് റിപ്പേറിങ്ങിനായി വീടുകളില്‍ എത്തുന്നത്.

തളിപ്പറമ്പ് പോലീസിന് അഭിമാനകരമായ നേട്ടം

തളിപ്പറമ്പ്: മോഷ്ടാവ് ഉമേഷാണെന്ന് വിരലടയാള പരിശോധനയില്‍ വ്യക്തമായതോടെ ഉണര്‍ന്നുപ്രവര്‍ത്തിച്ച അന്വേഷണസംഘം മോഷണം നടന്ന് 18-ാം മണിക്കൂറില്‍തന്നെ പ്രതിയെ വലയിലാക്കിയത് അന്വേഷണമികവിന്റെ തെളിവായി മാറി.

തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ മേല്‍നോട്ടത്തില്‍ തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരി, എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തില്‍

എസ്.ഐ നാരായണന്‍ നമ്പൂതിരി, എ.എസ്.ഐ മുഹമ്മദലി, എഎസ്‌ഐ ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍, പ്രമോദ്, ജയദേവന്‍, നൗഫല്‍ അഞ്ചില്ലത്ത്, അഷറഫ്, ലക്ഷ്മണ്‍, ബിപിന്‍ തുടങ്ങി അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ഇത് അഭിമാനിക്കാവുന്ന നേട്ടമായി മാറി.