എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരാത്മഹത്യ തളിപ്പറമ്പില്‍.

തളിപ്പറമ്പ്: എ.ഡി.എം നവീന്‍ബാബുവിന്റെ ആത്മഹത്യയെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരാത്മഹത്യ തളിപ്പറമ്പില്‍.

ആരോഗ്യവകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് കുടിയാന്‍മല ഹെല്‍ത്ത് സെന്ററിലെ കെ.പി.ഉഷാകുമാരിയാണ്(55) ജനുവരി 26 ന് കരിമ്പം ഒറ്റപ്പാലനഗറിലെ സ്വന്തം വീട്ടുകിണറ്റില്‍ ചാടി ജീവനൊടുക്കിയത്.

ഭര്‍ത്താവും മക്കളും ബന്ധുക്കളും ഒരു വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി പോയപ്പോഴായിരുന്നു ആത്മഹത്യ.

ശാരീരികമായ നിരവധി പ്രശ്‌നങ്ങള്‍ മൂലം ഉഷാകുമാരി സ്വയം വിരമിക്കാന്‍ തീരുമാനിച്ചിരുന്നു.

പക്ഷെ, ഇതിനായി ബാധ്യതകള്‍ ഒന്നുമില്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കാനോ അപേക്ഷ അംഗീകരിക്കാനോ ബന്ധപ്പെട്ടവര്‍ ഒന്നും ചെയ്തില്ലെന്നാണ് ആരോപണം.

ഉഷാകുമാരി ഡി.എം.ഒക്ക് എഴുതിയെ ആത്മഹത്യാകുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്.

ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കത്തില്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

കോവിഡ് കാലത്ത് നടന്നത് ഉള്‍പ്പെടെയുള്ള ചില ഉന്നതരുടെ ഫണ്ട് തിരിമറികള്‍ക്ക് കൂട്ടുനില്‍ക്കാത്ത വിരോധം കാരണമാണ് സ്വയം വിരമിക്കലിന്റെ രേഖകള്‍ യഥാസമയം നല്‍കാതിരുന്നതെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

എന്‍.ജി.ഒ. യൂണിയന്‍ അംഗമായ ഇവര്‍ വിവരം യൂണിയന്‍ നേതൃത്വത്തെയും അറിയിച്ചിരുന്നുവത്രേ.

 ചില ഉന്നത ബന്ധമുള്ളവരെക്കുറിച്ചും ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശമുള്ളതായാണ് സൂചന.