കണ്ണൂരില്‍ വഖഫ് ബോര്‍ഡ് സിറ്റിംഗില്‍ തെളിവുനല്‍കാനെത്തിയ ആളെ പരാതിക്കാരന്‍ ആക്രമിച്ചു.

 

കണ്ണൂര്‍:വഖഫ് ബോര്‍ഡ് സിറ്റിങ്ങില്‍ നല്‍കിയ പരാതിയില്‍ തെളിവുനല്‍കാനും കക്ഷിചേരാന്‍ അപേക്ഷ നല്‍കുകയും ചെയ്ത വിരോധത്തിന് മധ്യവയസ്‌ക്കനെ പരാതിക്കാരന്‍ ആക്രമിച്ചു.

ബേക്കല്‍ പൂച്ചക്കാട്ടെ കീക്കന്‍ ബടക്കന്‍ വില്ലയില്‍ ബി.കെ.അഹമ്മദിനാണ്(57) മര്‍ദ്ദനമേറ്റത്.

അവശനിലയിലായ അഹമ്മദിനെ ഉടന്‍ കണ്ണൂര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി.

കാറിന്റെ താക്കോല്‍ കൊണ്ട് കുത്തുകയും മുഖത്തടിക്കുകയും ചെയ്തതായ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.

കണ്ണൂര്‍ റെയിന്‍ബോ ടൂറിസ്റ്റ്‌ഹോം കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ ഉച്ചക്ക് 1 ന് നടന്ന തെളിവെടുപ്പിനിടെയാണ് സംഭവം.

പൂച്ചക്കാട്ട് ഖിദ്മത്തുല്‍ ജുമാമസ്ജിദ് ഭരണസമിതിക്കെതിരെ പി.പി.ഷൗക്കത്ത് നല്‍കിയ പരാതിയില്‍ തെളിവുകള്‍ ഹാജരാക്കാനെത്തിയ അഹമ്മദ് കക്ഷിചേരാന്‍ അപേക്ഷ നല്‍കുകയും ചെയ്തപ്പോള്‍ പ്രകോപിതനായ ഷൗക്കത്ത് അക്രമിക്കുകയായിരുന്നുവത്രേ.

അക്രമത്തെ തുടര്‍ന്ന് കേസിന്റെ പരിഗണന ജൂണ്‍ 15 ലേക്ക് മാറ്റിവെച്ചു.