നടക്കുന്നത് വഖഫ് സ്വത്ത് അല്ലാതാക്കി മാറ്റാനുള്ള ലീഗിന്റെ ശ്രമം: എം വി ജയരാജന്‍
തളിപ്പറമ്പ്: ബിജെപി കൊണ്ടുവന്ന കരിനിയമത്തിന്റെ മറവില്‍ വഖഫ് സ്വത്തുക്കള്‍ വഖഫ് അല്ലാതാക്കി മാറ്റാനാണ് മുസ്ലീംലീഗ് ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം.വി.ജയരാജന്‍.
സര്‍സയ്യിദ് കോളേജ് സ്ഥിതിചെയ്യുന്ന തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ 25 ഏക്കര്‍ ഭൂമി കൈക്കലാക്കാനുള്ള കോളേജ് മാനേജ്മെന്റിന്റെ ശ്രമത്തിനെതിരെ തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലീംലീഗിന്റെ സംസ്ഥാന പ്രസിഡന്റ് ഖാസിയായ തളിപ്പറമ്പ് ജമാഅത്ത് പള്ളിയുടെ ഭൂമി പിടിച്ചെടുക്കാനാണ് ലീഗ് നേതൃതം നല്‍കുന്ന സര്‍സയ്യിദ് കോളേജ് മാനേജ്മെന്റായ സിഡിഎംഇഎ ശ്രമിക്കുന്നത്.
തളിപ്പറമ്പ് ജമാഅത്ത് പള്ളിയുടെ അറുനൂറിലേറെ ഏക്കര്‍ ഭൂമിയില്‍ അഞ്ഞൂറിലേറെ ഏക്കറും അന്യാധീനപ്പെട്ടുപോയതിന് ലീഗ് നേതൃത്വം മറുപടി പറയണം.
ലീഗ് നേതാക്കള്‍ തന്നെയാണ് സര്‍സയ്യിദ് കോളേജിനുവേണ്ടി ലീസിനെടുത്ത ഭൂമിയും കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
വഖഫ് സ്വത്ത് സംരക്ഷണസമിതി ചെയര്‍മാന്‍ സി.അബ്ദുള്‍കരീം അധ്യക്ഷത വഹിച്ചു. കെ.പി.എം.റിയാസുദ്ദീന്‍ സ്വാഗതം പറഞ്ഞു.