വെള്ളാലത്തപ്പന്റെ തിരുസന്നിധിയില്‍ തീര്‍ത്ഥക്കുളം പുനര്‍നിര്‍മ്മിച്ചു-
പരിയാരം:രാജഭരണത്തിന്റെ ശേഷിപ്പും കേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ലിഖിതവുമുള്ള കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിലെ തീര്‍ത്ഥകുളം പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായി.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള അപൂര്‍വമായ ശിലാലിഖിതം തല്‍സ്ഥാനത്തു തന്നെ ഉറപ്പിച്ചാണ് ക്ഷേത്രം ട്രസ്റ്റിബോര്‍ഡും ക്ഷേത്രോദ്ധാരണ സമിതിയും നാട്ടുകാരുടെ സഹകരണത്തോടെ പരമ്പരാഗത വാസ്തുശില്‍പ ശൈലിയില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ക്ഷേത്ര മതിലിനകത്തെ കുളത്തിലെ കിഴക്കേ ചുമരിലാണ് ലിഖിതമുള്ളത്.
ക്രിസ്തുവര്‍ഷം 1283 കൊല്ലവര്‍ഷം 458ല്‍ അന്നത്തെ കോലത്തിരി രാജാവ് ക്ഷേത്രത്തിലെ ഊട്ടിന് വേണ്ടി എന്നെന്നേക്കുമായി ക്ഷേത്രകുളവും കിണറും നിര്‍മ്മിച്ച് ഏട്ടിലെഴുതിച്ചു എന്നാണ് അഞ്ചുവരി ലിഖിതത്തിലുള്ളത്.
മുന്‍ കോഴിക്കോട് സര്‍വ്വകലാശാല മലയാള വിഭാഗം മേധാവി ഡോ.ടി.പവിത്രന്റെ നേതൃത്വത്തിലാണ് ലിഖിതം വായിച്ചത്.
വെള്ളാലത്ത് ശിവക്ഷേത്രത്തില്‍ അടുത്ത കാലം വരെ ഞായറാഴ്ച ഊട്ട് പതിവുണ്ടായിരുന്നു.
ഈ ആവശ്യത്തിലേക്കായി കോലത്തിരി രാജാവ് ചുറ്റുമതിലിനകത്തുള്ള കുളവും ഭക്ഷണശാലക്കു സമീപത്തെ കിണറും കുഴിച്ചു നല്‍കിയതായി ഇതിലൂടെ അനുമാനിക്കാം. എന്നാല്‍ രാജാവിന്റെ പേര് ലിഖിതത്തിലില്ല.
കുളവും കിണറും നിര്‍മ്മിക്കുന്നതിന് നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ക്ഷേത്രം ഇവിടെയുണ്ടായിരുന്നതായി ക്ഷേത്രത്തിന്റെ പ്രാധാന്യവും ഭൗതിക സാഹചര്യങ്ങളും വ്യക്തമാക്കുന്നു.
3000 ഏക്കറോളം ഭൂസ്വത്ത് മുമ്പ് ക്ഷേത്രത്തിലുണ്ടായതായി രേഖകളിലുണ്ട്.
കേരള ചരിത്രത്തില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ കുള ചുമരിലെ ലിഖിതത്തിലൂടെ ലഭിക്കുമെന്ന് പ്രമുഖര്‍ പറയുന്നു.
എന്നാല്‍ ഇതേക്കുറിച്ച് കൂടുതല്‍ പഠനം ഇതുവരെ ഉണ്ടായിട്ടില്ല. കേരളപുരാവസ്തു പുരാരേഖാ വകുപ്പ് കണ്ടോന്താറില്‍ അടുത്തകാലത്ത് സ്ഥാപിച്ച പ്രാദേശിക ചരിത്രമ്യൂസിയത്തില്‍ ക്ഷേത്രത്തിലെ ശിലാലിഖിതം സംബന്ധിച്ച വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വകുപ്പ് ഇറക്കിയ രേഖകളിലും ലിഖിതം സംബന്ധിച്ച വിവരങ്ങളുണ്ട്.
പ്രദേശത്തെക്കുറിച്ചും ക്ഷേത്രത്തെക്കുറിച്ചും കൂടുതല്‍ പഠനം നടത്തി ഒളിഞ്ഞു കിടക്കുന്ന ഗതകാലചരിത്രത്ത സംഭവങ്ങള്‍ അനാവരണം ചെയ്യണമെന്ന് ചരിത്ര സ്‌നേഹികള്‍ ആവശ്യപ്പെടുന്നു.
കുളത്തിന്റെ സമര്‍പ്പണ ചടങ്ങ് 19, 20 തീയ്യതികളില്‍ തന്ത്രി നടുവത്ത് പുടയൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ പ്രത്യേക പൂജാകര്‍മ്മങ്ങളോടെ നടക്കും.
19 ന് വൈകിട്ട് ക്ഷേത്രത്തിലേക്ക് പരേതനായ പി.മുകുന്ദന്‍ നമ്പ്യാര്‍ സംഭാവനയായി നല്‍കിയ ചുറ്റുവിളക്കിന്റെ സമര്‍പ്പണവും നടക്കും.