അടച്ചുപൂട്ടിയ വിജ്ഞാനവുമായി ഗ്രാമ വിജ്ഞാനകേന്ദ്രങ്ങള്‍

കരിമ്പം.കെ.പി.രാജീവന്‍

പരിയാരം: ഗ്രാമീണ കര്‍ഷകര്‍ക്ക് കാര്‍ഷിക രംഗത്തെ അന്താരാഷ്ട്ര അറിവുകള്‍ പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച ഗ്രാമ വിജ്ഞാന കേന്ദ്രങ്ങള്‍ (വില്ലേജ് നോളജ് സെന്റര്‍) വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്നു.

പുതിയ വിത്തുകളെക്കുറിച്ചും കാര്‍ഷിക രംഗത്തെ പുത്തന്‍ സാങ്കേതിക അറിവുകളെക്കുറിച്ചും വിപണി വിലയേക്കുറിച്ചും സാധാരണ കര്‍ഷകര്‍ക്ക് അറിവു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഐ.ടി.അധിഷ്ഠിത സംരംഭം ആരംഭിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് അസംബ്ലി നിയോജക മണ്ഡലത്തില്‍ 7 പഞ്ചായത്തുകളിലാണ് ഗ്രാമ വിജ്ഞാന കേന്ദ്രങ്ങള്‍ക്ക് അനുമതി ലഭിച്ചത്.

നബാര്‍ഡാണ് ഇതിനായി ഒരു കേന്ദ്രത്തിന് 40 ലക്ഷം എന്ന കണക്കില്‍ 2.80 കോടി അനുവദിച്ചത്.

അന്നത്തെ തളിപ്പറമ്പ് എം.എല്‍.എ.ജയിംസ് മാത്യു മുന്‍ കൈയെടുത്താണ് ഇതിന് അംഗീകാരം വാങ്ങിയത്.

പരിയാരം, കുറുമാത്തൂര്‍, കൊളച്ചേരി, മയ്യില്‍, കുറ്റിയാട്ടൂര്‍, ചപ്പാരപ്പടവ് ,മലപ്പട്ടം എന്നിവിടങ്ങളില്‍ പഞ്ചായത്തുകള്‍ വിട്ടുനല്‍കിയ സ്ഥലങ്ങളിലാണ് രണ്ട് നിലകളിലായി കെട്ടിടങ്ങള്‍ പണിതത്.

എന്നാല്‍ വര്‍ഷം 7 കഴിഞ്ഞിട്ടും ഒരൊറ്റ ഗ്രാമ വിജ്ഞാന കേന്ദ്രങ്ങളും പ്രവര്‍ത്തനക്ഷമമായില്ല. കെട്ടിടം പണിത് അടച്ചിട്ട നിലയിലാണിപ്പോള്‍.

മറ്റ് കാര്യങ്ങള്‍ക്കൊന്നും ഉപയോഗിക്കാന്‍ അനുമതി ഇല്ലാത്തതിനാലാണ് ഇവ പൂട്ടിയിടേണ്ടി വന്നതെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നു.

ഉത്തരേന്ത്യയിലെ കര്‍ഷകര്‍ക്ക് വേണ്ടി നബാര്‍ഡ് ആവിഷ്‌ക്കരിച്ച ഈ പദ്ധതി അവിടങ്ങളിലെല്ലാം വിജയമാണെങ്കിലും കേരളത്തില്‍ ഇതിന്റെ ഗുണഭോക്താക്കളാകാന്‍ കര്‍ഷകര്‍ ഇല്ലെന്നതാണ് ഗ്രാമ വിജ്ഞാന കേന്ദ്രങ്ങള്‍ പരാജയമായതെന്നാണ് വിലയിരുത്തല്‍.

40 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ വര്‍ഷങ്ങളായി അടച്ചു പൂട്ടിയ നിലയിലായതിനാല്‍ ആര്‍ക്കും ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടില്ല.

കണ്‍സ്ട്രക്ഷനും കമ്മീഷനും മാത്രമാണ് പുതിയ വികസന പദ്ധതികളെക്കുറിച്ചുള്ള കാഴ്ച്ചപ്പാടെന്നും, ഈ കെട്ടിടങ്ങള്‍ ഗുണപരമായി ഉപയോഗപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മലബാര്‍ അസോസിയേഷന്‍ ഫോര്‍ നേച്ചര്‍ ആവശ്യപ്പെട്ടു.