റോഡരികിലെ മാലിന്യം നിക്ഷേപം-കച്ചവടസ്ഥാപനത്തിനെതിരെ നടപടിയുമായി ശുചിത്വ എന്‍ഫോസ്മെന്റ് സ്‌ക്വാഡ്

 

തളിപ്പറമ്പ്: ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള ജില്ലാ എന്‍ഫോര്‍സ്മെന്റ് സ്‌ക്വാഡ് കുറുമാത്തൂര്‍, ചെങ്ങളായി ഗ്രാമപഞ്ചായത്തുകളില്‍ പരിശോധന നടത്തി.

തളിപ്പറമ്പ് ശ്രീകണ്ഠാപുരം സംസ്ഥാനപാതയിലെ കരിമ്പത്ത് റോഡരികില്‍ വലിയ ചാക്കുകളിലായി തള്ളിയ മാലിന്യം പരിശോധിച്ചതില്‍ നിന്നും തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെ.ജെ.പവര്‍ ടൂള്‍സ് എന്ന സ്ഥാപനത്തിന്റെതാണെന്ന് വ്യക്തമായി.

കൂടാതെ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ചുഴലി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും വിവിധ നിയമ ലംഘനങ്ങള്‍ കണ്ടെത്തി, സ്‌കൂളിലെ അജൈവമാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടതായും വിദ്യാര്‍ത്ഥികളുടെ ശുചിമുറി വൃത്തിഹീനമായും ശുചിമുറി മാലിന്യം തുറസ്സായ സ്ഥലത്തേക്ക് തുറന്നുവിട്ടതായും കണ്ടെത്തി.

മേല്‍ സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പിഴ ചുമത്തുന്നതിനും ജില്ലാ എന്‍ഫോസ്മെന്റ് സ്‌ക്വാഡ് ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ടീം ലീഡര്‍ എം.പി. സുമേഷ്, അംഗങ്ങളായ കെ.സിറാജുദ്ദീന്‍, നിതിന്‍, വത്സലന്‍ ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

വിവരങ്ങള്‍ രേഖപ്പെടുത്താത്ത ബോര്‍ഡുകള്‍ നിയമ വിരുദ്ധം

ബോര്‍ഡുകള്‍, ബാനറുകള്‍ ഹോര്‍ഡിങ്ങുകള്‍ എന്നിവ തയ്യാറാക്കുമ്പോള്‍ അതില്‍ പിവിസി ഫ്രീ റീ സൈക്കബിള്‍ ലോഗോ, പ്രിന്റിങ് യു നിറ്റിന്റെ പേര് , ഫോണ്‍ നമ്പര്‍ ,മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ ക്യൂ ആര്‍ കോഡ് എന്നിവ നിര്‍ബന്ധമായും പ്രിന്റ് ചെയ്തിരിക്കേണ്ടതാണ്.

ഇവ രേഖപ്പെടുത്താത്ത ബോര്‍ഡുകള്‍ നിയമ വിരുദ്ധമായതിനാല്‍ സ്ഥാപിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

പ്രിന്റ് ചെയ്യാനുളള മെറ്റീരിയന്‍ വില്‍ക്കുന്ന കടകള്‍ സ്റ്റോക്ക് ചെയ്തി രിക്കുന്നവയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രം ക്യൂ ആര്‍ കോഡ് രൂപത്തില്‍ പ്രിന്റ് ചെയ്തിരിക്കണം.

പേപ്പര്‍ , കോട്ടണ്‍, പോളി എത്തിലിന്‍ എന്നിവ മാത്രമാണ് പ്രിന്റിങ്ങിന് ഉപയോഗിക്കാന്‍ അനുമതിയുള്ളത്.

ഇക്കാര്യം പ്രിന്റര്‍മാര്‍ ഉറപ്പു വരുത്തേണ്ടതാണ് .അനുവദനീയ വസ്തുക്കളില്‍ മാത്രമാണ് പ്രിന്റിങ്ങ് നടത്തുന്നതെന്നും ഉപയാേഗശേഷം ബോര്‍ഡുകള്‍ തിരിച്ച് സ്ഥാപനത്തില്‍ തിരിച്ചേല്‍പ്പിക്കേണ്ടതാണെന്നുമുള്ള ബോര്‍ഡ് ഓരോ പ്രിന്റ ങ്ങ് സ്ഥാപനത്തിലും വ്യക്തമായി കാണാവുന്ന രീതിയില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിച്ചിരിക്കേണ്ടതാണ്.

ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പരിശോധനാവേളയില്‍ ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന പക്ഷം നിരോധിത വസ്തുകള്‍ പിടിച്ചെടുത്ത് പിഴ ചുമത്തുന്നതാണെന്നും ശുചിത്വ എന്‍ഫോസ്മെന്റ് സ്‌ക്വാഡ് അറിയിച്ചു.