ഒരുഭാഗത്ത് മാലിന്യമുക്തകേരളം-മറുഭാഗത്ത് ദേശീയപാതയിലേക്ക് കക്കൂസ്മാലിന്യം ഒഴുക്കല്‍
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ സ്വീവേജ് പ്ലാന്റ് വീണ്ടും പണിമുടക്കി, മലമൂത്ര വിസര്‍ജ്യങ്ങള്‍ ദേശീയപാതയിലേക്ക് ഒഴുക്കിവിട്ട് അധികൃതര്‍.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസിലെ മലിനജല പ്ലാന്റിലെ ദുര്‍ഗന്ധം വമിക്കുന്ന മലിനജലമാണ് തമിഴ്‌നാട്ടില്‍ നിന്നും വന്ന സംഘം ഇന്ന് ഉച്ചമുതല്‍ പട്ടാപ്പകല്‍ റോഡരികിലേക്ക് ഒഴുക്കിവിട്ടത്.
ഗുരുതമമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഈ സംഭവം നടക്കുന്നത് ഒരു മെഡിക്കല്‍ കോളേജിലാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
നിര്‍മ്മാണം നടന്നുവരുന്ന ദേശീയപാതയുടെ ഭാഗമായ സര്‍വീസ് റോഡിലേക്കാണ് ഈ മലിനജലം ഒഴുക്കിവിടുന്നത്.
പ്രായപൂര്‍ത്തിയാവാത്ത കൊച്ചുകുട്ടികളെയും കൂട്ടി വന്നാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള തമിഴ്‌നാട് സംഘം പ്ലാന്റിന്റെ ടാങ്കിനകത്തേക്കിറങ്ങി മലിനജലം മുക്കിയെടുത്ത് റോഡിലേക്ക് ഒഴുക്കുന്നത്.
എല്ലാവരും മാലിന്യമുക്ത കേരളത്തെക്കുറിച്ച് നാഴികക്ക് നാല്‍പ്പതുവട്ടം പറഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത് പരസ്യമായി കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിവിടുന്നത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നേരത്തെയും ഈ പ്ലാന്റില്‍ നിന്ന് മലവും മൂതവും ഉള്‍പ്പെടയുള്ള മാലിന്യം പുറത്തേക്ക് ഒഴുക്കിവിട്ടത് ബഹുജനസമരത്തിന് ഇടയാക്കിയിരുന്നു.
എന്നാല്‍ പ്ലാന്റിന്റെ അറ്റകുറ്റപ്പണിനടത്താന്‍ കരാര്‍ എടുത്തയാളാണ് മാലിന്യം നീക്കം ചെയ്തതെന്നും തങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
പരസ്യമായി റോഡരികില്‍ കക്കൂസ് മാലിന്യം ഒഴുക്കിയവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും പിഴയീടാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.