കക്കൂസ് മാലിന്യം തള്ളിയതിന് മേഘ കമ്പനിക്ക് 50,000 പിഴ.

തളിപ്പറമ്പ്: മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നും കഴിഞ്ഞദിവസം ടാങ്കര്‍ ലോറിയില്‍ എത്തിച്ച കക്കൂസ് മാലിന്യം കുറ്റിക്കോല്‍ , കൂവോട് തുരുത്തി എന്നിവിടങ്ങളിലെ സ്വകാര്യ സ്ഥലത്ത് തള്ളാന്‍ ശ്രമിച്ചത് നാട്ടുകാരുടെ നേതൃത്വത്തില്‍ പിടികൂടി പോലീസിന് കൈമാറിയ സംഭവത്തില്‍ തളിപ്പറമ്പ് നഗരസഭ 50,000 രൂപ പിഴ ഈടാക്കി.

കഴിഞ്ഞദിവസം രാത്രി 10.30 ഓടെ കുറ്റിക്കോല്‍, കൂവോട് തുരുത്തി ഭാഗങ്ങളില്‍ ബൈപ്പാസ് നിര്‍മ്മാണം നടക്കുന്നതിനടുത്താണ് മാലിന്യം തള്ളാന്‍ ശ്രമിച്ചത്.

സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവ് സംഭവമായിരുന്നു. ബൈപ്പാസിനടുത്ത് സ്റ്റേഡിയത്തില്‍ കമ്പവലി മത്സരം നടക്കുന്നതിനിടയില്‍ കുട്ടികളാണ് സംഭവം കണ്ടത്.

നാട്ടുകാര്‍ ഇടപ്പെട്ടപ്പോള്‍ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തുനിന്നുള്ള കക്കൂസ് മാലിന്യമാണ് ഇവിടെ തള്ളാന്‍ ശ്രമിച്ചതെന്നും മുന്‍പും പ്രദേശത്ത് മാലിന്യം തള്ളിയിട്ടുണ്ടെന്നും അറിയാന്‍ സാധിച്ചു.

കഴിഞ്ഞ ഒരു മാസക്കാലമായി ബൈപ്പാസ് കേന്ദ്രീകരിച്ച് മാലിന്യം തള്ളുന്നുണ്ട്. നിലവില്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇവിടെ ആള്‍ക്കാര്‍ വരുന്നത് വിരളമാണ്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു. നഗരസഭ ആരോഗ്യ വിഭാഗവും സ്ഥലത്തെത്തിയിരുന്നു.

പൊതു സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയതില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ എ.പി.രഞ്ജിത്ത് കുമാര്‍ വ്യക്തമാക്കിയിരുന്നു.