സി.പി.ഐ കുടുംബത്തിന്റെ വഴിയടച്ചു, കുഴിയുംകുഴിച്ചു.

തളിപ്പറമ്പ് : വീട്ടിലേക്കുള്ള വഴി തടഞ്ഞു, കുഴിയും കുഴിച്ചു. തളിപ്പറമ്പ് മാന്തംകുണ്ടില്‍ സി.പി.ഐ കുടുംബത്തിന് റോഡും വഴിയും തടഞ്ഞ് ഊരുവിലക്ക് കല്‍പ്പിച്ചതായി പരാതി.

73 വയസ്സുള്ള കരിയില്‍ നാരായണനും 65 വയസ്സുള്ള കരിയില്‍ നാരായണി ദമ്പതികള്‍ക്കാണ് ഈ ദുരവസ്ഥ.

32 വര്‍ഷമായി സ്ഥിരമായി ഉപയോഗിക്കുന്ന റോഡാണ് രണ്ടു ഭാഗത്തും ഒരാള്‍ പൊക്കത്തില്‍ കല്ല് കെട്ടി മുട്ടിച്ചിരിക്കുന്നത്.

മാത്രമല്ല നടന്നു പോകുന്ന വഴിയില്‍ ഒന്നര മീറ്റര്‍ വീതിയിലും ഒരു മീറ്റര്‍ ആഴത്തിലും വലിയ കുഴിയും കുഴിച്ചു വച്ചിട്ടുണ്ട്.

നാരായണനും കുടുംബത്തിനും ഒരു വഴിക്കും പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്.

സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് ഇടപെട്ട് പ്രശ്‌നപരിഹാരത്തിന് ശ്രമം നടത്തുന്നുണ്ട്.

എന്നാല്‍ സഹോദരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണമെന്നും തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്മിക്കുകയാണെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമായ പ്രശ്‌നങ്ങളില്ലെന്നും പോലീസ് പറഞ്ഞു.

സംഭവത്തില്‍ ഈ കുടുംബത്തിന് നീതി കിട്ടുന്നതിനു വേണ്ടി നിയമപാലകരുടേയും എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും നവോത്ഥാന

സാംസ്‌കാരിക സംഘടനകളുടേയും സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടാകണമെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കെ.മുരളീധരന്‍ അഭ്യര്‍ത്ഥിച്ചു.