കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയും മ്യൂസിയവും തളിപ്പറമ്പ് നാടുകാണിയില്‍.
തളിപ്പറമ്പ്: തളിപ്പറമ്പില്‍ മൃഗശാല വരുന്നു. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കീഴില്‍ ആലക്കോട് റോഡിലെ നാടുകാണി എസ്റ്റേററിലാണ് 300 ഏക്കറില്‍ മൃഗശാല ആരംഭിക്കുന്നതെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിന്റെ പ്രാരംഭ പരിശോധനയ്ക്കായി എംഎല്‍എയുടെ നേതൃത്വത്തില്‍ സംസ്ഥാന മ്യൂസിയം മൃഗശാല ഡയറക്ടര്‍ അബു ശിവദാസ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം ഇന്ന് രാവിലെ നാടുകാണി എസ്റ്റേറ്റ് സന്ദര്‍ശിച്ചു.
കറുവപ്പട്ട, കശുമാവ് കൃഷികളാണ് പ്രധാനമായും ഇവിടെ നടത്തുന്നത്.
300 ഏക്കര്‍ ഭൂമിക്ക് പുറമെ ആവശ്യമെങ്കില്‍ പരിസരപ്രദേശങ്ങളിലെ മിച്ചഭൂമിയും ഏറ്റെടുക്കും.
മൃഗങ്ങള്‍ തുറസ്സായസ്ഥലത്ത് സഞ്ചരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് പ്രത്യേകം വാഹനങ്ങളില്‍ സഞ്ചരിച്ച് ഇവയെ കാണുന്ന രീതിയിലുള്ള മൃഗശാലയാണ് ഇവിടെ പരിഗണിക്കുന്നത്.
ഇതിന്റെ ആദ്യഘട്ടമായാണ് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടന്നത്.
വെള്ള കെട്ടില്ലാത്തതും പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കാത്തതുമായ സ്ഥലമാണ് മൃഗശാലകള്‍ക്ക് പരിഗണിക്കുന്നത്.
നാടുകാണിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ല.
സ്ഥലം അനുയോജ്യമാണെന്ന് വ്യക്തമായതിനാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് മൃഗശാല തുറന്നുകൊടുക്കും.
പ്രകൃതിയെ ഒട്ടുംതന്നെ മുറിവേല്‍പ്പിക്കാതെ കൂടുതല്‍ സ്ഥലത്ത് മരങ്ങള്‍ നട്ടുപിടിപ്പിച്ച് തികച്ചും പ്രകൃതിക്ക് അനുയോജ്യമായ രീതിയിലായിരിക്കും മൃഗശാല ആരംഭിക്കുക.
ഇതോടൊപ്പം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മ്യൂസിയം എന്നിവയും ആരംഭിക്കും. നിലവില്‍ കൃഷിവകുപ്പിന് കീഴിലുള്ള പ്ലാന്റേഷന്‍ കോര്‍പറേഷനാണ് എസ്റ്റേറ്റിന്റെ ഉടമസ്ഥര്‍.
ഇത് വിട്ടുകിട്ടുന്നതിനായി കൃഷി മന്ത്രി പി.പ്രസാദുമായി രാവിലെ ടെലിഫോണില്‍ സംസാരിച്ചതായും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയായിരിക്കും നാടുകാണിയിലേത്.
റവന്യൂ-കൃഷി-മൃഗസംരക്ഷണ വകുപ്പുകളെ ഏകോപിപ്പിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടെറി കെ.സന്തോഷ്, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തംഗം കെ.വി.രാഘവന്‍, സി.പി.എം നേതാവ് പി.രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
