പോര്‍ക്കലിയോട് കലിയടങ്ങാടെ സി.ഐ.ടി.യു- നാളെ മുതല്‍ സമരം വ്യാപിപ്പിക്കും.

പഴയങ്ങാടി: മാടായിയിലെ തൊഴില്‍ നിഷേധത്തിനെതിരെയുള്ള ചുമട്ടുതൊഴിലാളികളുടെ സമരം 123 ദിവസം പിന്നിട്ടു.

സമരം വ്യാപിപ്പിക്കാന്‍ ഉറച്ച് തൊഴിലാളികള്‍. വെള്ളിയാഴ്ച (10-ന്) സമീപ പ്രദേശത്തുള്‍പ്പടെയുള്ള നൂറോളം തൊഴിലാളികള്‍ കൂട്ട സത്യഗ്രഹം നടത്തും.

മാടായി ശ്രീപോര്‍ക്കലി സ്റ്റീല്‍സില്‍ തൊഴില്‍ ഉടമയുടെ ധാര്‍ഷ്ട്യത്തിനും, തൊഴില്‍ നിഷേധത്തിനുമെതിരായി സമാനതകളില്ലാത്ത സമരമാണ് നടന്നുവരുന്നത്.

കയറ്റിറക്കവുമായി ബന്ധപ്പെട്ട് സത്യാഗ്രഹ സമരം 123 ദിവസം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കേന്ദ്രങ്ങളിലേക് സമരം വ്യാപിപ്പിക്കുവാന്‍ സമരസമിതി തീരുമാനിച്ചു.

ജില്ലാ ലേബര്‍ ഓഫീസര്‍ മൂന്നു തവണ അനുരഞ്ജന യോഗത്തിന് വിളിച്ചെങ്കിലും സ്ഥാപനമുടമ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല.

എല്ലാ ദിവസവും അഞ്ചു വീതം തൊഴിലാളികളാണ് സ്ഥാപനത്തിനു മുന്നില്‍ സമരമിരിക്കുന്നത്.

ശ്രീപോര്‍ക്കലി സ്ഥാപന ഉടമ പി.വി.മോഹന്‍ലാലിന്റെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, മാതമംഗലം കേന്ദ്രങ്ങളിലെ സ്ഥാപനങ്ങളിലേക്കും വെള്ളിയാഴ്ച മാര്‍ച്ചും ധര്‍ണയും നടത്തും.

.നിശ്ചിത ദിവസത്തിനകം മാടായിയിലെ തൊഴില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാത്തപക്ഷം ഉടമയുടെ കാസറഗോഡ് ജില്ലയിലെ കാലിക്കടവ്, ചീമേനി, പരപ്പ എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നിലേക്കും സമരം വ്യാപിപ്പിക്കും.

10 ന് രാവിലെ 10 മണിക്ക് മാടായിയിലെ പോര്‍ക്കലി സ്റ്റീല്‍സിന് മുന്നില്‍ മാടായി ഏരിയയിലെ 4 ഡിവിഷനുകളിലെ നൂറോളം തൊഴിലാളികള്‍ പണിമുടക്കി പ്രതിഷേധ മാര്‍ച്ചും, കൂട്ട സത്യാഗ്രഹവും നടത്തും.

പ്രകടനം 10 നു രാവിലെ 9 ന് വെങ്ങര ഗേറ്റ് പരിസരത്തുനിന്നും ആരംഭിക്കും .കൂട്ടസത്യാഗ്രഹം സി ഐ ടി യു ജില്ലാ സെക്രട്ടറി കെ അശോകന്‍ ഉദ്ഘാടനം ചെയ്യും.

ഐ.വി.ശിവരാമന്‍ അധ്യക്ഷനാകും. വിവിധ ട്രേഡ് യൂണിയന്‍ വര്‍ഗ-ബഹുജന സംഘടന നേതാക്കള്‍ പ്രസംഗിക്കും.