ഒടുവില്‍ കോമത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാരിറങ്ങി–കീഴാറ്റൂര്‍ മാന്തംകുണ്ട്-റോഡായിമാറി

തളിപ്പറമ്പ്: കീഴാറ്റൂര്‍-മാന്തംകുണ്ട് റോഡ് ചെളിക്കുളമായി, അധികാരികള്‍ നിസഹായത വെളിപ്പെടുത്തിയതോടെ നാട്ടുകാര്‍ രംഗത്തിറങ്ങി.

ഒരു മാസത്തിലേറെയായി ചെളിനിറഞ്ഞ് കാല്‍നടയാത്രപോലും അസാധ്യമായ റോഡിന്റെ പ്രശ്‌നങ്ങള്‍  പരിഹരിക്കണമെന്നാവശ്യപ്പെട്ട് റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തഹസില്‍ദാര്‍ക്കും ആര്‍.ഡി.ഒക്കും നിവേദനം നല്‍കിയിരുന്നു.

എന്നാല്‍ ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും യാതോരു നടപടിയും സ്വീകരിക്കാതെ വന്നതോടെ മഴ ശക്തിപ്പെട്ട് റോഡിന്റെ അവസ്ഥ അങ്ങേയറ്റം വഷളായി.

ഇതോടെയാണ് ഇന്ന് ഉച്ചയോടെ സി.പി.ഐ നേതാവ് കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയത്.

നാലുവരിപ്പാത കടന്നുപോകുന്ന കീഴാറ്റൂര്‍ ഭാഗത്ത് നാട്ടുകാര്‍ക്ക് വഴിനടക്കാന്‍ സാധിക്കാതെ വന്നതോടെയാണ് റോഡ് ശുചീകരിക്കാന്‍ തങ്ങള്‍ക്ക് ഇറങ്ങേണ്ടിവന്നതെന്ന് കോമത്ത് മുരളീധരന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

മുന്‍ കൗണ്‍സിലര്‍ ഡി.എം.ബാബു, പത്മനാഭന്‍, എം.പി.പ്രകാശന്‍, എം.വിനോദ്, കോമത്ത് സതീഷ്, സച്ചിന്‍, ഷിജു, ഭാസ്‌ക്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഉച്ചക്ക് ശേഷം രണ്ട് മണിക്കാണ് മണ്ണുമാന്തി ഉള്‍പ്പെടെ എത്തിച്ച് റോഡ് വൃത്തിയാക്കിയത്.

പട്ടുവം ഭാഗത്തേക്ക് റോഡ് മണ്ണിലേക്കമര്‍ന്ന് അപകടാവസ്ഥയായിരുന്നു.

അധികൃതരുടെ നിഷേധാത്മക സമീപനം ജനങ്ങള്‍ക്കിടയില്‍ വലിയ രോഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. രാത്രിയിലും ഇവിടെ നാട്ടുകാര്‍ ജോലി തുടരുകയാണ്.