പതിനായിരം പിഴ-അനധികൃത പന്നിഫാം അനുവദിക്കില്ലെന്ന് പഞ്ചായത്ത്-
പിലാത്തറ:കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ പൊള്ളാളത്ത് കെ.ജെ.ജോസഫിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചു വരുന്ന പന്നിഫാമിനെതിരെ നടപടി.

പഞ്ചായത്ത് പ്രസിഡന്റ് ടി.സുലജയുടെ നേതൃത്വത്തില്‍ ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥ സംഘവും സ്ഥലം സന്ദര്‍ശിച്ച് ഫാം അനധികൃതമാണെന്നും മാലിന്യപ്രശ്നമുണ്ടാക്കുന്നുവെന്നും കാണിച്ച് പതിനായിരം രൂപ പിഴയിട്ടു.
യാതൊരുവിധ ലൈസന്‍സോ, നിയമാനുസൃത നടപടിക്രമങ്ങളോ പാലിക്കാതെയാണ് പന്നിഫാം പ്രവര്‍ത്തിച്ചു വന്നിരുന്നതെന്നും നിരവധി തവണ പഞ്ചായത്ത് അധികൃതര്‍ പന്നിഫാം സന്ദര്‍ശിച്ച്
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഫാം ലൈസന്‍സ് എടുക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഉടമ അതിന് തയ്യാറാകാതെ ഫാം നടത്തുകയായിരുന്നുവെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
മഴ കനത്തതോടെ പന്നി ഫാമില്‍ നിന്നുമുണ്ടാകുന്ന മാലിന്യങ്ങള്‍ മഴവെള്ളത്തില്‍ കലര്‍ന്ന് സമീപത്തെ തോടുകളിലും പുഴയിലും ഒഴുകിയെത്തുന്നതായുള്ള പരാതി ഉയര്‍ന്ന സാഹചര്യത്തിലുമാണ് നടപടിയെടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.
വൈസ് പ്രസിഡന്റ് കെ.മോഹനന്, സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി.സുധാകരന്, സെക്രട്ടറി വി.രാജീവന്, എന്‍.വി.ശ്രീജിത്ത്, ടി.വി.പ്രശാന്തന് എന്നിവരടങ്ങിയ സംഘമാണ് പന്നിഫാം സന്ദര്‍ശിച്ച് നടപടിയെടുത്തത്.
ഒരാഴ്ചക്കകം നിയമാനുസൃത നടപടികള്‍ പൂര്‍ത്തീകരിക്കാത്ത പക്ഷം ഫാം അടച്ചുപൂട്ടുമെന്നും പ്രസിഡന്റ് അറിയിച്ചു.
ഗ്രാമപഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന മറ്റ് പന്നി ഫാമുകള്‍ക്കെതിരെയും നടപടികള്‍ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
