എങ്ങിനെ മറക്കും പ്രതാപ് പോത്തനെ.

കരിമ്പം.കെ.പി.രാജീവന്‍

1978 ല്‍ ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന ചിത്രം കണ്ടവരാരും തന്നെ അതിലെ കൊക്കരക്കോ എന്ന കഥാപാത്രത്തെ മറക്കില്ല,

തൊട്ടടുത്ത വര്‍ഷം ഭരതന്‍ തന്നെ സംവിധാനം ചെയ്ത തകരയിലെ തകരയും മലയാളിയുടെ മനസില്‍ നിന്ന് മാഞ്ഞുപോകില്ല.

വ്യത്യസ്തമെന്ന് പറയാവുന്ന കഥാപാത്രങ്ങളെ വിശ്വസിച്ചേല്‍പ്പിക്കാന്‍ മികച്ച സംവിധായകര്‍ വിളിച്ചിരുന്ന നടനായിരുന്നു പ്രതാപ് പോത്തന്‍.

1980 ല്‍ ബേബി സംവിധാനം ചെയ്ത പപ്പുവിലെ നായക കഥാപാത്രമായ പപ്പു,

ബാലുമഹേന്ദ്രയുടെ ത്രില്ലര്‍ ചിത്രം മൂടുപനി(മലയാളത്തില്‍ മഞ്ഞ് മൂടല്‍മഞ്ഞ്)യിലെ നായകനും വില്ലനുമായ ചന്ദ്രു,

കരയെല്ലാം ചെമ്പകപ്പൂവിലെ കല്യാണരാമന്‍ തുടങ്ങിയ കഥാപാത്രങ്ങളായി മറ്റൊരാളെ സങ്കല്‍പ്പിക്കാനാവുമോ-

പ്രത്യേകിച്ച് മൂടുപനിയുടെ അവസാനഭാഗത്തെ ദൃശ്യങ്ങള്‍ അത് കണ്ടവരുടെ മനസില്‍ നിന്ന് മാഞ്ഞുപോകുമോ എന്ന കാര്യം സംശയമാണ്.

1985 ല്‍ വീണ്ടും ഒരു കാതല്‍കഥൈ എന്ന പേരില്‍ തമിഴ് സിനിമ സംവിധാനം ചെയ്ത് സംവിധായകനായും അരങ്ങേറ്റം കുറിച്ച പ്രതാപ് പോത്തന്‍

1987 ല്‍ എം.ടി.വാസുദേവന്‍നായരുടെ രചനയില്‍ ഋതുഭേദം എന്ന ചിത്രത്തിലൂടെ മലയാളത്തിലും തിളങ്ങി.

1988 ല്‍ ടീനേജ് പ്രണയകഥ പറഞ്ഞ ഡെയ്‌സിയും 1997 ല്‍ ശിവാജി ഗണേശനും മോഹന്‍ലാലും ചേര്‍ന്ന് അഭിനയിച്ച ഒരു യാത്രാമൊഴിയും സംവിധാനം ചെയ്തു.

തമിഴില്‍ നിരവധി ശ്രദ്ധേയമായ സിനിമകളും പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ജീവ, വെട്രിവിഴാ, മൈ ഡിയര്‍ മാര്‍ത്താണ്ഡന്‍, ചൈതന്യ, മകുടം, ആത്മ, ശിവലപ്പേരിപാണ്ടി, ലക്കിമേന്‍ എന്നീ സിനിമകളാണ് പ്രതാപിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്.