ഇനി എടച്ചാക്കൈ-പടന്ന റോഡില്‍ അപകടഭീതിയില്ലാതെ യാത്രചെയ്യാം-അപകട തെങ്ങുകള്‍ കളക്ടര്‍ ഇടപെട്ട് മുറിച്ചുനീക്കി കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-

 

മനോജ് ഉദിനൂര്‍

ഉദിനൂര്‍: ജില്ലാ കളക്ടര്‍ ഇടപെട്ടതോടെ അപകടകരമായ 2 തെങ്ങുകളും ഉടമ തന്നെ മുറിച്ചുനീക്കി.

ഇന്ന് രാവിലെയോടെയാണ് ഉണങ്ങി ഏത് നിമിഷവും റോഡിലേക്ക് കടപുഴകി വീഴാവുന്ന നിലയിലുള്ള തെങ്ങുകള്‍ മുറിച്ചുനീക്കിയത്.

അപകടകരമായ നിലയിലുള്ള തെങ്ങ് മുറിച്ചുമാറ്റാന്‍ നടപടിയില്ലാത്തതിനാല്‍ ജനങ്ങള്‍ ഭീതിയില്‍ കഴിയുന്ന വിവരം ജൂലായ് 19 ന് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റിപ്പോര്‍ട്ട് ശ്രദ്ധയില്‍പെട്ട കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഉദിനൂര്‍ വില്ലേജ് ഓഫീസറില്‍ നിന്ന് അടിയന്തിര റിപ്പോര്‍ട്ട് തേടുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുറിച്ചു നീക്കാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.

അവശ്യക്കാര്‍ സ്വന്തം ചെലവില്‍ മുറിച്ചുമാറ്റിക്കോ എന്ന സ്ഥമുടമയുടെ ധാര്‍ഷ്ട്യത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ കളക്ടറുടെ മുന്നില്‍ പരാതിയുമായി എത്തിയത്.

ഉദിനൂര്‍ കിനാത്തില്‍ എടച്ചാക്കൈ-പടന്ന റോഡില്‍ ഭീതിവിതച്ച തെങ്ങുകളാണ് മുറിച്ചുനീക്കിയത്.

നാട്ടുകാര്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അവര്‍ ആവശ്യപ്പെട്ടിട്ടും സ്വകാര്യവ്യക്തി തെങ്ങ് മുറിച്ചുമാറ്റാന്‍ തയ്യാറായിരുന്നില്ല.

നിരവധി വാഹനങ്ങളും ഉദിനൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്കുള്ള വിദ്യാര്‍ത്ഥികളും കടന്നുപോകുന്ന റോഡിന് സമീപമുള്ള തെങ്ങ് കടപുഴകി വീണിരുന്നെങ്കില്‍ വലിയ ദുരന്തം സംഭവിക്കുമായിരുന്നു.

പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെട്ട കളക്ടര്‍ക്ക് നാട്ടുകാര്‍ നന്ദി അറിയിച്ചു.