ബിഷപ്പ് പ്രശ്നം-യു.എ.ലത്തീഫ് എം.എല്‍.എയെ സഭയില്‍ നിന്ന് പുറത്തേക്ക് കൂട്ടി പി.കെ.കുഞ്ഞാലിക്കുട്ടി—
തിരുവനന്തപുരം: അടഞ്ഞ അധ്യായമാക്കാന്‍ യു.ഡി.എഫ്. ആഗ്രഹിക്കുന്ന പാലാ ബിഷപ്പിന്റെ വിവാദപ്രസ്താവന നിയമസഭയില്‍ ഉന്നയിച്ച് മുസ്ലിം ലീഗ് അംഗം യു.എ.ലത്തീഫ്.

നിയമസഭയാകെ അസ്വസ്ഥമാകുന്നതു കണ്ടറിഞ്ഞ ലീഗ് നിയമസഭാകക്ഷിനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അദ്ദേഹത്തെ സഭയ്ക്കു പുറത്തേക്കു കൊണ്ടുപോയി.
വിദ്യാര്‍ഥികള്‍ക്കു കൗണ്‍സലിങ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ശൂന്യവേളയിലെ ഉപക്ഷേപത്തിലാണ് ലത്തീഫ് അപ്രതീക്ഷിതമായി പാലാ ബിഷപ്പിന്റെ പ്രസ്താവന ഉയര്‍ത്തിയത്.
നര്‍ക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് എന്ന തരത്തില്‍ അദ്ദേഹം നടത്തിയ പ്രസ്താവന മുസ്ലിം സമുദായത്തിന്റെ നെഞ്ചിലേക്കുതിര്‍ത്ത വെടിയാണെന്ന് ലത്തീഫ് അഭിപ്രായപ്പെട്ടു.
ഇത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും മുറിവേല്‍പ്പിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് ബോധവല്‍ക്കരണം നടത്തുമ്പോള്‍ ഇത്തരം പ്രസ്താവനകള്‍ കൂടി ഉള്‍പ്പെടുത്തി ബോധവല്‍ക്കരണം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ പ്രസ്താവന സഭയിലാകെ, പ്രത്യേകിച്ച് യു.ഡി.എഫിനിടയില്‍ വല്ലാത്തെ അസ്വസ്ഥതയുണ്ടാക്കി.
സഭയുടെ പൊതുവികാരം മാറിയെന്നു മനസിലാക്കി ലത്തീഫ് അധികനേരം സംസാരം തുടര്‍ന്നില്ല. മറുപടി പറഞ്ഞ മന്ത്രി വി. ശിവന്‍കുട്ടി ഇതിനോടു പ്രതികരിച്ചില്ല.
ഇത്തരം കാര്യങ്ങള്‍ക്കൊന്നും മറുപടി നല്‍കുന്നില്ലെന്നും, പ്രത്യേകം ചോദ്യമായി എഴുതിത്തന്നാല്‍ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയില്‍ കുഞ്ഞാലിക്കുട്ടിയെത്തി ലത്തീഫിനോട് സംസാരിച്ചു. അദ്ദേഹത്തെയും കൂട്ടി പുറത്തേക്ക് പോയി.
