തെരുവു നായയെ കൊന്നാല്‍ അഞ്ചുവര്‍ഷം അകത്ത്-മൃഗസംരക്ഷണ നിയമം കരട് ഭേദഗതി തയാര്‍

കണ്ണൂര്‍: തെരുവുനായയെ കൊന്നാല്‍ അഞ്ചുവര്‍ ഷം തടവും ഒരു ലക്ഷം രൂപ പിഴയും. അംഗവൈകല്യം വരുത്തിയാല്‍ മൂന്നുവര്‍ഷം തടവും 75000 രൂപ പിഴയും.

മൃഗബലി നടത്തിയാല്‍ അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും.

മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയാനുള്ള നിയ മത്തിലെ പുതിയ കരട് ഭേദഗതി നിര്‍ദേശങ്ങളാണിത്.

1960-ലെ മൃഗങ്ങങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള നിയമം(പ്രിവന്‍ഷ്യന്‍ ഓഫ് ക്രൂവല്‍ട്ടി ടു അനിമല്‍ ആക്ട്) അടിമുടി മാറ്റുന്നതിനുള്ള മുന്നോ ടിയാണ് നിര്‍ദേശങ്ങള്‍.

60 വര്‍ഷം പഴക്കമുള്ള നിയമത്തില്‍ 61 പുതിയ കരട് നിയമഭേദഗതികളാണ് കൊണ്ടുവരുന്നത്.

പാര്‍ലമെന്റിന്റെ ശൈത്യ കാല സമ്മേളനത്തില്‍ ബില്‍ പാസാക്കുമെന്നാണ് കരുതുന്നത്.

നേരത്തേ വെറും 50 രൂപ മാത്രം പിഴ അടച്ചാല്‍ ഊരിപ്പോരാമായിരുന്ന കേസുകളിലാണ് ശിക്ഷ കടുപ്പിച്ചിട്ടുള്ളത്.

മൃഗങ്ങളെ പട്ടിണിക്കിടുക, ചികിത്സ നല്‍കാതിരിക്കുക, കൂടുതല്‍ സമയം കയറിലോ കൂട്ടിലോ ബന്ധിക്കുക, ഉപേക്ഷിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഒരു വര്‍ഷം തടവും 5000 രൂപ പിഴയും ലഭിക്കും.

അംഗവൈകല്യമോ ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തിലേക്കു തള്ളിവിടുകയോ ചെയ്യുന്നവര്‍ക്ക് 3 വര്‍ഷം തടവും 75000 രൂപ പിഴയും ലഭിക്കും.

കോഴിഫാമും കന്നുകാലി ഫാമും നടത്തുന്നവര്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പുതിയ നിയമം അനുസരിച്ച് ശിക്ഷ അനുഭവിക്കേണ്ടിവരും.

പോലീസ് ഉദ്യോഗസ്ഥന് മജിസ്‌ട്രേറ്റിന്റെ അനുവാദം ഇല്ലാതെ ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല എന്ന നിബന്ധനയും പുതിയ നിയമത്തില്‍ മാറും.

ഇത്തരം സംഭവങ്ങളില്‍ പോലീസിന് ഇനി നേരിട്ട് കേസെടുക്കാം.

പഴയ നിയമത്തില്‍, ഒരു നായയെ കൊന്നതിന് തെളിവു കള്‍ വേണ്ടിയിരുന്നുവെങ്കില്‍ ഇനി മുതല്‍ ഒരു വ്യക്തിയുടെ സ്ഥലത്ത് ചത്തനായയുടെ ജഡമോ അവശിഷ്ടമോ കണ്ടെത്തിയാലും അയാള്‍ അതിനെ കൊന്നതായി കണക്കാക്കണമെന്നുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പിന്റെയും മൃഗക്ഷേമ ബോര്‍ഡിന്റെയും വെബ് സെറ്റില്‍ കരട് ഭേദഗതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് നിര്‍ദേശമോ ആക്ഷേപമോ ഉണ്ടെങ്കില്‍ ഡിസംബര്‍ ഏഴിനകം സമര്‍ പ്പിക്കണം. കഴിഞ്ഞ 21നാണ് വെബ്‌സൈറ്റില്‍ കരട് പ്രസിദ്ധീകരിച്ചത്.