ഡി.സി.സി.പ്രതിനിധികള്‍ ചര്‍ച്ചക്കെത്തും-അവിശ്വാസപ്രമേയത്തിലൂടെ കല്ലിങ്കീലിനെ നീക്കും- കെ.രമേശന് നഗരസഭാ വൈസ് ചെയര്‍മാനുമാനും കെ.എന്‍.അഷറഫ് ബാങ്ക് പ്രസിഡന്റുമായേക്കും-
തളിപ്പറമ്പ്: കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭനെതിരെ നടപടികള്‍ കടുപ്പിക്കാനൊരുങ്ങി ഡി.സി.സി.

അടുത്ത ദിവസം തന്നെ ഡി.സി.സി.നിയോഗിച്ച പാര്‍ട്ടി പ്രതിനിധികള്‍ തളിപ്പറമ്പിലെത്ത് യു.ഡി.എഫ് നേതാക്കളെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യും.
തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്മാന്, തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളില്‍ നിന്ന് കല്ലിങ്കീലിനെ നീക്കം ചെയ്യാനുള്ള നടപടികള്‍ക്ക് ഇതോടെ തുടക്കമാവും.
സര്‍വീസ് സഹകരണ ബേങ്കിലെ 11 ഡയരക്ടര്‍മാരില്‍ കോണ്‍ഗ്രസിന് ആറും മുസ്ലിം ലീഗിന് അഞ്ചും പ്രതിനിധികളാണുള്ളത്.
കുഞ്ഞമ്മതോമസ്, രാഹുല്‍ ദാമോദരന്‍, കളിയാട്ടം നാരായണന്, രുഗ്മിണി, കെ.എന്‍.അഷറഫ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നുള്ളത്.
ലീഗ് അംഗങ്ങളില്‍ രണ്ടുപേര്‍ അള്ളാംകുളം പക്ഷക്കാരും മൂന്നുപേര്‍ സുബൈര്‍ വിഭാഗത്തിലും നിന്നുള്ളവരാണ്.
നാലു ഡയരക്ടര്മാര് ചേര്‍ന്ന് ജോയിന്റ് രജിസ്ട്രാര്‍ക്ക് അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട് കത്ത് നല്‍കുന്നതോടെ ബാങ്ക് അവിശ്വാസ നടപടികള്‍ക്ക് തുടക്കമാവും.
പ്രത്യേക യോഗം വിളിച്ചുചേര്‍ത്ത് അവിശ്വാസം ചര്‍ച്ച ചെയ്യാന്‍ ജെ.ആര് പ്രത്യേക പ്രിസൈഡിംഗ് ഓഫീസറെ നിയോഗിക്കും.
ഇദ്ദേഹം എല്ലാ ഡയരക്ടര്‍മാര്‍ക്കും നോട്ടീസ് നല്കി അവിശ്വാസം ചര്‍ച്ച ചെയ്യാന്‍ യോഗം വിളിക്കും. ഭൂരിപക്ഷം അംഗങ്ങളും വോട്ട് ചെയ്താല്‍ അവിശ്വാസം പാസാവും, പക്ഷെ, ഡയരക്ടര്‍ സ്ഥാനം നഷ്ടപ്പെടില്ല.
ജെ.ആര് പിന്നീട് സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷനെ വിവരമറിയിച്ച ശേഷം അദ്ദേഹം നിര്‍ദ്ദേശിക്കുന്ന പ്രിസൈഡിംഗ് ഓഫീസറായിരിക്കും നിലവിലുള്ള ഡയരക്ടര്‍മാരില്‍ നിന്ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.
പി.വി.രുഗ്മിണിയോ കെ.എന്‍.അഷറഫോ പ്രസിഡന്റാവാനാണ് സാധ്യത.
നഗരസഭാ വൈസ് ചെയര്മാന് സ്ഥാനത്തുനിന്നും അവിശ്വാസം വഴി പുറത്താക്കുന്നതിന് ലീഗിന്റെ സംസ്ഥാന നേതൃത്വവുമായി കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന് ചര്‍ച്ച നടത്തിക്കഴിഞ്ഞുവെന്ന് സൂചനയുണ്ട്.
നിലവില്‍ കല്ലിങ്കീല്‍ ഉള്‍പ്പെടെ നാല് കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസിനുള്ളത്.
ഇതില്‍ കെ.രമേശന് പുതിയ വൈസ് ചെയര്‍മാനാവാന്‍ ഏറെ സാധ്യതയുണ്ട്.
അടുത്ത ദിവസങ്ങളില്‍ തളിപ്പറമ്പിലെ കോണ്‍ഗ്രസില്‍ നിര്‍ണായകമായ ചില സംഭവങ്ങള്‍ ഉണ്ടാവുമെന്നുള്ള കണക്കുകൂട്ടലിലാണ് പ്രവര്‍ത്തകര്‍.
