കല്ലിങ്കീലിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി-
തളിപ്പറമ്പ്: ശമ്പളം തടഞ്ഞുവെച്ചതിനെതിരെ ബാങ്ക് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരായ കെ.സി.തിലകന്‍, കെ.സുനോജ് എന്നിവരുടെ പരാതികളിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം ജസ്റ്റിസ് ബൈജുനാഥ് കേസെടുക്കുകയും ജോ.രജിസ്ട്രാറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തത്.
ഇരുവരേയും 22.2.2020 മുതല്‍ 5.8.2021 വരെ ബാങ്ക് സസ്‌പെന്റ് ചെയ്തിരുന്നു. രണ്ടുമാസം മുമ്പാണ് തിരിച്ചെടുത്തത്.
എന്നാല്‍ സസ്‌പെന്‍ഷന്‍ കാലയളവില്‍ അലവന്‍സും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുകയും തിലകനെ സീനിയര്‍ ക്ലാര്‍ക് തസ്തികയില്‍ നിന്ന് ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു.
രണ്ടുപേരുടെയും സസ്‌പെന്‍ഷന്‍ കാലയളവ് ശൂന്യവേതന അവധിയാക്കിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.
എന്നാല്‍ സപ്തംബര്‍ മാസത്തെ ശമ്പളം അക്കൗണ്ടില്‍ വരാത്തത് അന്വേഷിച്ചപ്പോള്‍ ബന്ധുക്കള്‍ ലോണടക്കാനുള്ളതിനാല്‍ ആ അക്കൗണ്ടിലേക്ക് പിടിക്കുകയാണെന്നും ഇതിനായി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയിരിക്കയാണെന്നുമാണ് ബാങ്ക് സെക്രട്ടറി പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു.
ഇതു സംബന്ധിച്ച് അസി.രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിട്ടും നടപടികള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
ഭാര്യയും മക്കളുമടങ്ങുന്ന കുടുംബങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നും തങ്ങള്‍ അത്മഹത്യ ചെയ്യുകയാണെങ്കില്‍ ഉത്തരവാദി ബാങ്ക് പ്രസിഡന്റ് കല്ലിങ്കീല്‍ പത്മനാഭനും സെക്രട്ടെറി ഇന്‍-ചാര്‍ജ് ടി.വി.പുഷ്പകുമാരിയുമാണെന്നും പരാതിയില്‍ പറയുന്നു.
