ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍സിപ്പല്‍ മുസ്ലിംലീഗ് കമ്മറ്റിയുടെ ബിരിയാണി ചലഞ്ച്-

തളിപ്പറമ്പ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്താന്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റി (അള്ളാംകുളം വിഭാഗം).

കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് നടത്തിയത്. തളിപ്പറമ്പ് നഗരസഭാ പരിധിയിലെ നിര്‍ധനരെയും അവശ രോഗികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.

തളിപ്പറമ്പിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി 3500 ലധികം പേരുടെ ഓര്‍ഡറാണ് സംഘാടകര്‍ക്ക് ലഭിച്ചത്. അത് വഴി മൂന്നരലക്ഷം രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകര്‍ പറഞ്ഞു.

അമ്പതോളം ബിരിയാണി അഗതി മന്ദിരത്തിലും വിതരണം ചെയ്തു. മുനിസിപ്പല്‍ മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ കെ.മൊയ്തു, ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് ഇച്ചൂട്ടി, ട്രഷറര്‍ ഷജ്മീന്‍ അച്ചീരകത്ത്, റിലീഫ് കമ്മിറ്റി അംഗങ്ങളായ പി.അബ്ദുല്‍ റഹീം, സലിം ഗ്രാന്റ്, കെ.വി.സിറാജ്, പി. സിദ്ദീഖ് യെസ്ടു  എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ബിരിയാണി ചലഞ്ച് ബദരിയ ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ.വി. അസുഹാജി, പി.എ. ഗാന്ധി സിദ്ദീഖ്, കെ.മുഹമ്മദ് ബഷീര്‍, ഹനീഫ ഏഴാംമൈല്‍, സി.മുഹമ്മദ് സിറാജ്, പി.പി.ഇസ്മായില്‍, മിഖ്ദാദ് ചപ്പന്‍, എന്‍.എ.സിദ്ദീഖ്, എന്‍.യു.ഷരീഫ് എന്നിവര്‍ സംസാരിച്ചു.