കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് കുടിശ്ശിക ഡി എ അനുവദിച്ച് ഉത്തരവിറങ്ങി.–വി.വി.മധുവിന്റെ കുറിപ്പ് വൈറലായി

പരിയാരം: കുടിശികയായി കിടക്കുന്ന ക്ഷാമബത്തക്ക് വേണ്ടി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ നടത്താത്ത പ്രക്ഷോഭസമരങ്ങളും മുട്ടാത്ത വാതിലുകളുമില്ല.

ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എന്തെങ്കിലും തീരുമാനമാവുമെന്ന പ്രതീക്ഷകല്‍ ഉണ്ടായിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം.

കഴിഞ്ഞ വര്‍ഷം നവംബറില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ വി.വി.മധുസൂതനന്‍ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് ഇതോടെ വീണ്ടും വൈറലായി. കുറിപ്പ് ചുവടെ

കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് കുടിശ്ശിക ഡി എ അനുവദിച്ച് ഉത്തരവിറങ്ങി.

തിരുവനന്തപുരം: പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് 2018 ഏപ്രില്‍ മുതല്‍ കുടിശ്ശികയായ ഡി എ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി.

12 ശതമാനം ഡി എ മാത്രമാണ് ഇതുവരെ നല്‍കി വരുന്നത്.

36 ശതമാനം നല്‍കേണ്ട ഡി എ യില്‍ 24 ശതമാനവും കുടിശ്ശികയാണ്.

ഇതു മുഴുവന്‍ അനുവദിച്ചു കൊണ്ടാണ് ഉത്തരവിറക്കിയിട്ടുള്ളത്.

ജീവനക്കാരുടെ ആഗിരണ പ്രക്രിയ പൂര്‍ത്തിയാകാത്തതിനാല്‍ കുടിശ്ശിക മുഴുവന്‍ ജീവനക്കാര്‍ക്ക് പണമായി നല്‍കും. വിരമിച്ചവര്‍ക്കും അര്‍ഹതപ്പെട്ട കുടിശ്ശിക പണമായി നല്‍കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഡി എ കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി യൂണിയന്‍ കാമ്പസ്സില്‍ മാസങ്ങള്‍ക്കു മുമ്പ് രണ്ട് പോസ്റ്ററൊട്ടിച്ചപ്പോള്‍ തന്നെ ധനവകുപ്പ് ആശങ്കയിലായിരുന്നു.

പ്രതിപക്ഷ യൂണിയന്‍ ഡി എം ഇ ഓഫീസിനുമുമ്പില്‍ സമരം നടത്തിയപ്പോള്‍ പ്രശ്‌നം ധനവകുപ്പിന്റെ പരിഗണനയിലാണെന്ന മറുപടിയാണ് ലഭിച്ചത്

. രണ്ടു യൂണിയനുകളും പൊതു പ്രശ്‌നത്തിന്റെ പേരില്‍ ഒന്നിച്ചാല്‍ നില്‍ക്കക്കള്ളിയുണ്ടാവില്ല എന്ന തിരിച്ചറിവാണ് ഉത്തരവ് എത്രയും വേഗത്തിലിറക്കാന്‍ ധന വകുപ്പിനെ പ്രേരിപ്പിച്ചതത്രേ!

പരിയാരത്തിന്റെ കാര്യത്തില്‍ പ്രഖ്യാപനങ്ങള്‍ മാത്രമല്ല പ്രവര്‍ത്തനങ്ങളുമുണ്ടെന്ന് വിമര്‍ശകരെ ബോധ്യപ്പെടുത്താന്‍ ഈ തീരുമാനത്തിന് കഴിയുമെന്നും ധനവകുപ്പ് വിലയിരുത്തുന്നു.

ഏകദേശം 20 കോടി രൂപയുടെ അധികബാധ്യതയാണ് ധനവകുപ്പ് ഏറ്റെടുത്തിട്ടുള്ളത്. ഇതു മുന്നില്‍ കണ്ടു കൊണ്ടാണ് പാലിന്റെയും മദ്യത്തിന്റെയും വില കൂട്ടിയതെന്ന അണിയറ സംസാരവുമുണ്ട്.

. . . . . . . . . . . . . . . .
( പത്രവായനക്കിടയില്‍ ഞെട്ടിയുണര്‍ന്ന ഞാന്‍ ദേ കിടക്കുന്നു കട്ടിലില്‍ നിന്നും വെറും നിലത്ത് – വിവി മധുസൂദനന്‍) – ഇന്നുതന്നെ ഇത് ആവര്‍ത്തിക്കണമെന്ന ഒരു ജീവനക്കാരന്റെ അഭ്യര്‍ത്ഥന മാനിച്ചതു കൊണ്ടു മാത്രം റീ പോസ്റ്റ് ചെയ്യുന്നു…)