ആലക്കാട് പുരക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം 19 ന് ( നാളെ) മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും.

ആലക്കാട്: കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഏര്യം പുഴയ്ക്ക് കുറുകെ ആലക്കാട് പുരക്കടവില്‍ നിര്‍മ്മിച്ച വിയര്‍ കം ട്രാക്ടര്‍വെയുടെ (റഗുലേറ്റര്‍ കം ബ്രിഡ്ജ്) ഉദ്ഘാടനം നാളെ ഫിബ്രവരി 19-ന് രാവിലെ 10 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും.

ചടങ്ങില്‍ എം.വിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

ജലക്ഷാമം രൂക്ഷമായ ഈ കാലഘട്ടത്തില്‍ പുഴയിലൂടെ ഒഴുകി പോകുന്ന ജലം അണകെട്ടി തടഞ്ഞു നിര്‍ത്തി നാട്ടിലെ ജനങ്ങളുടെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയുക്തമാക്കി തീര്‍ക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ മുഖ്യമായും ലക്ഷ്യമിട്ടിരിക്കുന്നത്.

അതോടൊപ്പം ഈ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും പുഴയുടെ ഇരുകരകളിലുമായി വന്നു നില്‍ക്കുന്ന റോഡുകള്‍ തമ്മില്‍ പാലം മുഖന ബന്ധിപ്പിക്കുന്നത് വഴി ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും സാധിക്കുന്നതാണിത്.

കേരള ജലവിഭവ വകുപ്പ് നബാര്‍ഡിന്റെ സഹായത്തോട് കൂടി ക്ലാസ്സ് 1 വിഭാഗത്തില്‍പ്പെടുത്തി ചെറുകിട ജലസേചന വിഭാഗം മുഖേനയാണ് പ്രവൃത്തി പൂര്‍ത്തികരിച്ചത്.

ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 3.81 കോടി രൂപയാണ് അനുവദിച്ചത്. 2019 ഫ്രബ്രുവരി 21 ന് മുന്‍ ജലവിഭവ വകുപ്പ് മന്ത്രിയായ കെ.കൃഷ്ണന്‍കുട്ടി പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഈ പദ്ധതിയില്‍ 26 മീറ്റര്‍ വീതിയുള്ള പുഴയ്ക്ക് കുറുകെ 12 മീറ്റര്‍ നീളമുള്ള 2 മെക്കാനിക്കല്‍ ഷട്ടര്‍ സംവിധാനത്തോടുകൂടിയ റഗുലേറ്ററും 3.25 മീറ്റര്‍ വീതിയില്‍ കാരേജ് വേയുള്ള വാഹന ഗതാഗതത്തിനു അനുയോജ്യമായ പാലവും നിര്‍മ്മിച്ചിട്ടുണ്ട്.

റഗുലേറ്ററിന്റെ സംഭരണശേഷി 2.50 മീറ്ററാണ്. ഷട്ടറടച്ച് വയ്ക്കുന്ന സമയങ്ങളില്‍ ഏകദേശം 2 കിലോമീറ്റര്‍ നീളത്തില്‍ ജലം സംഭരിച്ച് നിര്‍ത്താന്‍ സാധിക്കുന്നുണ്ട്.

റഗുലേറ്ററിനോടനുബന്ധിച്ച് ഇരുകരകളിലുമായി 60 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഈ പ്രവൃത്തി പൂര്‍ത്തിയായതോടുകൂടി ആലക്കാട്, ഒതേര, തേനംകുന്ന് പ്രദേശങ്ങളിലെ 344.67 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യം ലഭ്യമാകുകയും ആലക്കാട് നിന്നും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്കുള്ള ദൂരം ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്.

ഈ പദ്ധതിയുടെ പൂര്‍ത്തീകരണം വഴി ആയിരത്തിലേറെ ആളുകള്‍ക്ക് നേരിട്ട് ഗുണം ലഭിക്കും. കൂടാതെ ഈ പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും, ഒരു പരിധിവരെ വരള്‍ച്ചയെ നേരിടുന്നതിനും ഈ പദ്ധതികൊണ്ട് സാധിച്ചിക്കും.