അയോഗ്യര്‍ രാജിവെച്ചൊഴിയണം-തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി
തളിപ്പറമ്പ്: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ടി.ടി.കെ. ദേവസ്വത്തിലെ മൂന്ന് പാരമ്പര്യേതര ട്രസ്റ്റിമാരായ സി.പി.എം പ്രവര്‍ത്തകര്‍ സ്ഥാനം രാജിവെച്ചൊഴിയണമെന്ന് ശ്രീകൃഷ്ണസേവാസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

മലബാര്‍ ദേവസ്വം ബോഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍, മുഴുവന്‍ സമയ ഔദ്യോഗിക ജോലിയുള്ളവര്‍, തിരക്ക് പിടിച്ചവര്‍ എന്നിവര്‍ പാരമ്പര്യേതര ട്രസ്റ്റിമാരാകാന്‍ അപേക്ഷ സമര്‍പ്പിക്കരുത് എന്നുള്ളതാണ് പാരമ്പര്യേതര ട്രസ്റ്റിനിയമനത്തിന് ഉള്ള പ്രധാന നിബന്ധനകള്‍.
എന്നാല്‍ ഈ നിബന്ധനകള്‍ നിലനില്‍ക്കെ രാഷ്ട്രീയ പ്രവര്‍ത്തകനാണെന്നത് മറച്ചുവെച്ച് പാരമ്പര്യേതര ട്രസ്റ്റിമാരാകാന്‍ അപേക്ഷ സമര്‍പ്പിക്കുന്നത് തന്നെ
ക്ഷേത്രവിശ്വാസികളോടുള്ള വഞ്ചനയും നിയമലംഘനവുമാണെന്നും സേവാസമിതി ആരോപിച്ചു.
മലബാര്‍ ദേവസ്വം ബോഡിന് കീഴിലുള്ള പല ക്ഷേത്രങ്ങളിലും ഇങ്ങനെ നിയമം ലംഘിച്ച് തുടരുന്ന നിരവധി ട്രസ്റ്റി ബോഡ് അംഗങ്ങള്‍ ഉണ്ട്. ഈ ഒരു പശ്ചാത്തലത്തിലാണ് പാലക്കാട് പൂക്കോട്ട് കാളിക്കാവ് ക്ഷേത്രവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സംശയത്തിന് വക നല്‍കാത്തവിധം സുവ്യക്തമായ വിധി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്.
തളിപ്പറമ്പ് ടി ടി കെ ദേവസ്വം പാരമ്പര്യേതര ട്രസ്റ്റി നിയമനത്തില്‍ നഗ്‌നമായ നിയമ ലംഘനമാണ് നടന്നിട്ടുള്ളതെന്ന് വ്യക്തമായിരിക്കെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ പൂര്‍ണ്ണ സമയ രാഷ്ട്രീയ പ്രവര്‍ത്തകണെന്നതും മറ്റൊരാള്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായ സര്‍വ്വീസിലുള്ള അധ്യാപകനാണെന്നതും മൂന്നാമത്തെയാള്‍ തിരക്കുപിടിച്ച ബിസിനസ്സുകാരനായ രാഷ്ട്രീയക്കാരനാണെന്നതുമുള്ള വസ്തുതകളെല്ലാം മറച്ചുവെച്ച് തളിപ്പറമ്പ് ടി ടി കെ ദേവസ്വത്തില്‍ നിയമവിരുദ്ധമായി ചുമതല വഹിക്കുന്ന 3 പാരമ്പര്യേതര ട്രസ്റ്റിമാരും തല്‍സ്ഥാനം ഉടന്‍ രാജിവെച്ചൊഴിയാന്‍ തയ്യാറാകണമെന്ന് സേവാസമിതി ആവശ്യപ്പെട്ടു.
സി പി എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മറ്റി അംഗവും തളിപ്പറമ്പ് നഗരസഭയില്‍ കൗണ്‍സിലറുമായ പി.ഗോപിനാഥന്‍, സി.പി.എം സജീവ പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളുമായ കെ.വി.കൃഷ്ണന്‍ (അറിയപ്പെടുന്ന ബിസിനസ്മാന്‍ ), കെ.രാജീവന്‍ (സര്‍വ്വീസിലുള്ള അധ്യാപകന്‍) എന്നിവരാണ് നിലവില്‍ ടി ടി കെ ദേവസ്വത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരായി പ്രവര്‍ത്തിച്ചു വരുന്നത് എന്നത് നമ്മുടെ നിയമ വ്യവസ്ഥയോടും ഭക്തജനങ്ങളോടുമുള്ള വെല്ലുവിളിയാണ്.
ഇവര്‍ മൂന്ന് പേരും അറിയപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണെന്നിരിക്കെ ഇവര്‍ തല്‍സ്ഥാനങ്ങള്‍ രാജിവെക്കാന്‍ തയ്യാറല്ലാത്ത പക്ഷം ഇവരെ അയോഗ്യരാക്കാന്‍ ടി. ടി. കെ ദേവസ്വം അധികൃതരും മലബാര്‍ ദേവസ്വം ബോഡും നടപടി സ്വീകരിച്ച് ഭക്തരോട് നീതി പുലര്‍ത്തണമെന്നും ടി ടി കെ ദേവസ്വത്തില്‍ നിയമവിരുദ്ധമായി ട്രസ്റ്റി ബോഡംഗങ്ങളായി, അയോഗ്യരായ ഇവര്‍ പങ്കെടുത്ത് കൈക്കൊണ്ട മുഴുവന്‍ ട്രസ്റ്റീ ബോര്‍ഡ് തീരുമാനങ്ങളും പുന:പരിശോധിക്കാനും അധികൃതര്‍ തയ്യാറാകണമെന്നും സേവാസമിതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
