വിശപ്പില്ലാത്ത പിലാത്തറ-സമാനതകളില്ലാത്ത സേവനവുമായി പിലാത്തറ ഡോട്ട് കോം.
പിലാത്തറ: പിലാത്തറ പട്ടണത്തിലെത്തുന്നവര് പണമില്ലാത്തതുകൊണ്ട് മാത്രം വിശന്നിരിക്കരുത്.

പിലാത്തറ ഡോട്ട്കോമും ആര്‍ച്ചി കൈറ്റ്സ് കമ്പ്യൂട്ടര്‍ എജ്യുക്കേഷനും സംയുക്തമായാണ് ഈ പദ്ധതി ആരംഭിച്ചത്.
ഒരു നേരത്തേക്കാണ് ഫ്രീഫുഡ് പദ്ധതി പ്രകാരം ആഹാരം ലഭിക്കുക.
ഇതിനുവേണ്ടി പിലാത്തറയില്‍ രണ്ട് കടകളിലും ചെമ്പല്ലിക്കുണ്ടില്‍ ഒരു കടയിലുമാണ് സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് ഈ പദ്ധതിയുടെ മുഖ്യസംഘാടകനും പിലാത്തറ ഡോട്ട് കോം എഡിറ്ററുമായ കെ.പി.ഷനില്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.
മാതമംഗലം റോഡില്‍ ഉമ്മയുടെ ഹോട്ടല്‍ എന്നറിയപ്പെടുന്ന ഹോട്ടലിലും ദേശീയപാതയോരത്ത് സാമൂഹ്യ പ്രവര്‍ത്തകനും പിലാത്തറ ന്യൂസിന്റെ എഡിറ്ററുമായ നജ്മുദ്ദീന് പിലാത്തറയുടെ കടയിലും ചെമ്പല്ലിക്കുണ്ട് തട്ടുകടയിലുമാണ് സൗകര്യമൊരുക്കിയത്.
പിലാത്തറ ലയണ്‍സ്ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, പിലാത്തറ പ്രസ്ക്ലബ്ബ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
മൂന്ന് കടകളിലുമായി 5000 രൂപ വീതം മുന്‍കൂറായി നല്‍കിയാണ് പദ്ധതി തുടങ്ങുന്നത്.
മൂന്ന് കടകളിലും നോട്ട് ബുക്കുകള്‍ നല്കി സൗജന്യഭക്ഷണം നല്‍കിയതിന്റെ തുക രേഖപ്പെടുത്തും.
5000 രൂപ തീരുന്ന മുറയ്ക്ക് വീണ്ടും മുന്‍കൂര്‍ പണം നല്‍കും. ഇതിനായി ഹോട്ടലുകള്‍ തിരഞ്ഞെടുത്തതിലും പിലാത്തറ ഡോട്ട്കോം മാതൃക കാട്ടിയിട്ടുണ്ട്.
സാമൂഹ്യ ബോധമുള്ള പാവപ്പെട്ടവര്‍ നടത്തുന്ന സ്ഥാപനങ്ങളിലാണ് ഇത് നടപ്പിലാക്കുന്നത്.
ഇതുവഴി പണമില്ലാത്തവര്‍ക്ക് ഭക്ഷണവും അതോടൊപ്പം സഹായം ലഭിക്കേണ്ട ഒരു വ്യക്തിക്ക് മുന്‍കൂറായി 5000 രൂപ ലഭിക്കുകയും ചെയ്യുന്നു.
ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട ജീവകാരുണ്യ രംഗത്ത് നിശബ്ദമായി പ്രവര്‍ത്തിക്കുന്ന കെ.പി.ഷനില്‍ ഇത്തരത്തില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അതിന് പ്രചരണം നല്‍കിയിരുന്നില്ല.
കഴിഞ്ഞ ദിവസം പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന് 5000 രൂപയ്ക്കുള്ള ചെക്ക് കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. കെ.പി.ഷനില്‍ പദ്ധതി വിശദീകരിച്ചു.
ഒ.കെ.നാരായണന് നമ്പൂതിരി, രാഘവന് കടന്നപ്പള്ളി, എം.ജയരാജ്, കെ.പി.അരവിന്ദാക്ഷന്, ഡോ.കലാമണ്ഡലം ലത, തമ്പാന് കാമ്പ്രത്ത്, നജ്മുദ്ദീന് പിലാത്തറ, പ്രണവ് പെരുവാമ്പ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
