മിനി സിവില്‍ സ്‌റ്റേഷനില്‍ പച്ചക്കറി വിളവെടുപ്പിന്റെ ആഹ്‌ളാദം

 

തളിപ്പറമ്പ്: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി വലിയ വിജയമാക്കി മാറ്റിയതിന്റെ ആഹ്‌ളാദത്തിലാണ് തളിപ്പറമ്പ് മിനി സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍.

കേവലം രണ്ട് മാസത്തിനിടയില്‍ തന്നെ ടെറസില്‍ കൃഷിചെയ്ത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നടന്നു.

ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

200 ഗ്രോബാഗുകളിലായാണ് ഇത്തവണ പടവലം, വെണ്ട, തക്കാളി, പച്ചമുളക്, കോളിഫ്‌ളവര്‍ എന്നീ കൃഷികള്‍ നടത്തിയത്. കൃഷിവകുപ്പിന്റെ സബ്‌സിഡിയോടെ തിരിനന രീതിയിലാണ് കൃഷി നടന്നത്.

ഇതിനായി കഴിഞ്ഞ വര്‍ഷം കൃഷിവകുപ്പിന്റെ സഹായത്തോടെ സജ്ജീകരിച്ച സംവിധാനങ്ങള് തന്നെയാണ് ഉപയോഗപ്പെടുത്തിയത്. ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി മുന്‍കൈയെടുത്ത് രൂപീകരിച്ച മിനി സവില്‍ സ്റ്റേഷന്‍ വെല്‍ഫേര്‍ കമ്മറ്റിയാണ് പച്ചക്കറി കൃഷി ആരംഭിച്ചത്

. 18 ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനിലെ ഓരോ ഓഫീസുകളിലെയും ജീവനക്കാര്‍ മാറിമാറിയാണ് കൃഷിയെ പരിചരിച്ചത്. വിളവെടുക്കുന്ന പച്ചക്കറികള്‍ അതാത് ദിവസത്തെ മാര്‍ക്കറ്റ് വിലക്ക് ജീവനക്കാര്‍ക്ക് തന്നെ വില്‍ക്കുകയാണ് ചെയ്യുന്നത്.

ഇന്നത്തെ വിളവെടുപ്പില്‍ 2 കിലോഗ്രാം വെണ്ടക്ക മാത്രമാണ് ലഭിച്ചത്. മറ്റ് പച്ചക്കറികള്‍ വിളവെടുപ്പിന് പാകമായി വരികയാണ്.

ആര്‍.ഡി.ഒ ചെയര്‍മാനും പി.സി.സാബു കണ്‍വീനറും ടി.എം പുഷ്പവല്ലി സെക്രട്ടറിയും കരുണാകരന്‍ ട്രഷററുമായ കമ്മറ്റിയാണ് പച്ചക്കറി കൃഷിയുടെ മേല്‍നോട്ടം വഹിക്കുന്നത്.