സേവാസമിതിക്കെതിരെ ടി.ടി.കെ ദേവസ്വം നല്‍കിയ രണ്ടാമത്തെ റിട്ട് ഹരജിയും ഹൈക്കോടതി തള്ളി.

തളിപ്പറമ്പ്: ടി.ടി.കെ ദേവസ്വം തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിക്ക് എതിരെ നല്‍കിയ രണ്ടാമത്തെ റിട്ട് ഹരജിയും ഹൈക്കോടതി തള്ളി.

ഇന്നലെയാണ് ഇതുസംബന്ധിച്ച് ഉത്തരവായത്.

അനധികൃതമായി സേവാസമിതി പണം പിരിക്കുന്നത് തടയണമെന്ന ഹരജിയാണ് തള്ളിയത്.

നേരത്തെ സേവാസമിതിയുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന ഹരജിയും ഹൈക്കോടതി തള്ളിയിരുന്നു.

ദേവസ്വം തുടര്‍ച്ചയായി റിട്ട് ഹരജികള്‍ നല്‍കി ചെലവാക്കിയത് ഭക്തജനങ്ങള്‍ ഭണ്ഡാത്തിലും ദേവന് വഴിപാട് സമര്‍പ്പിച്ചും നല്‍കിയ പണമാണെന്ന് ഓര്‍ക്കണമെന്ന് സേവാസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

1976 മുതല്‍ കൃത്യമായ നിയമാവലിയോടെ പ്രവര്‍ത്തിച്ചുവരുന്ന സേവാസമിതി ക്ഷേത്രത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ജനകീയ ഉല്‍സവാഘോഷ കമ്മറ്റിയാണ് ഇപ്പോള്‍ ക്ഷേത്രോല്‍സവം നടത്തുന്നത്.

സേവാസമിതി എല്ലാ ദിവസവും ഉത്സവത്തിന് എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് നല്‍കിവരുന്ന അന്നദാനം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തിനാണെന്ന വാദവുമായി സേവാസമിതി രംഗത്തുവന്നിട്ടുണ്ട്.

രണ്ടാമത്തെ റിട്ട് ഹരജിയും ഹൈക്കോടതി തള്ളിയതോടെ ഭഗവാന്റെ അനുഗ്രഹം അന്നദാനത്തിനും സവാ സമിതിക്കുമുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് സേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍ പറഞ്ഞു.

തുടര്‍ന്നുള്ള ദിവസങ്ങളിലും അന്നദാന സേവാപ്രവര്‍ത്തനവുമായി സജീവമായി രംഗത്തുണ്ടാകുമെന്ന് ശ്രീകൃഷ്ണസേവാസമിതി അറിയിച്ചു.