ജില്ലാ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്ക് ഉദാഹരണമായി ജൈവവൈവിധ്യകേന്ദ്രം.
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: സര്‍ക്കാറിന്റെ ഫണ്ട് എങ്ങിനെ ധൂര്‍ത്തടിച്ച് തീര്‍ക്കാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കയാണ് കരിമ്പം ജൈവവൈവിധ്യ കേന്ദ്രം.

അഞ്ച് ഹെക്ടറോളം വിസ്തൃതിയുള്ള കാട്, കാടിന് നടുവിലൂടെ ഒഴുകുന്ന ചെറിയ കാട്ടരുവി, അതോടൊപ്പം ചെങ്കല്‍ പാകിയ നടവഴിയിയൂടെ കാടുകണ്ടുകൊണ്ട് ഒരു കാല്‍നടസവാരി, വളരെ നല്ല ആശയമാണ്. 15 വര്‍ഷം മുമ്പ് ഇതിനായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുടക്കിയത് 38 ലക്ഷം രൂപയാണ്.
പദ്ധതി യാഥാര്‍ത്ഥ്യമായെങ്കിലും ഇതുവരെ ഇത് തുറന്നുകൊടുത്തിട്ടില്ല. പറയുന്നത് കരിമ്പം ജില്ലാ കൃഷിഫാമിലെ ജൈവവൈവിധ്യകേന്ദ്രത്തെക്കുറിച്ചാണ്.
ഇതേവരെ ഒരു സഞ്ചാരിപോലും ഈ കാട്ടുപാതയിലൂടെ നടക്കാനായി എത്തിയിട്ടില്ലാത്ത ജൈവവൈവിധ്യകേന്ദ്രം കാടുകയറിക്കിടക്കുകയാണ്.
നിരവധി പുതിയ പദ്ധതികളും കെട്ടിട സമുച്ചയങ്ങളും നിര്‍മ്മിച്ച് കരിമ്പം ജില്ലാ കൃഷിഫാം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍ ജൈവവൈവിധ്യ കേന്ദ്രത്തെ മറന്നമട്ടാണ്.
ഫാമിനകത്തെ പകല്‍നേരത്ത് പോലും ആളുകള്‍ കടന്നുചെല്ലാന്‍ ഭയപ്പെട്ടിരുന്ന ജൈവവൈവിധ്യ സമ്പുഷ്ടമായ ചോലമൂല എന്ന പ്രദേശത്തെ വന്‍മരങ്ങള്‍ മുറിച്ചുമാറ്റിയാണ് ജൈവവൈവിധ്യ കേന്ദ്രം ആരംഭിച്ചതുതന്നെ.
ചെറിയ സന്ദര്‍ശക ഫീസ് ഈടാക്കി ഇവിടേക്ക് സന്ദര്‍ശകരെ കടത്തിവിടാനാണ് ഉദ്ദേശിച്ചിരുന്നത്.
ചെങ്കല്‍നടപ്പാതയിലൂടെ ഏതാണ്ട് ഒന്നരകിലോമീറ്റര്‍ കാല്‍നടയായി നടന്ന് ഫാം ഗ്രീന്‍ഹൗസിന് സമീപം എത്തിച്ചേരുന്ന രീതിയിലാണ് നടപ്പാത നിര്‍മ്മിച്ചിരുന്നത്.
പാത അവസാനിക്കുന്ന സ്ഥലത്തും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് വിശ്രമകേന്ദ്രം പണിതിരുന്നു. ഇത് തകര്‍ന്ന നിലയിലാണിപ്പോള്‍.
കരിമ്പം ഫാമിനകത്തെ ജൈവവൈവിധ്യങ്ങള്‍ കണ്ടറിഞ്ഞ് മനസിലാക്കാനും പഠിക്കാനും ഉതകുമായിരുന്ന ഒരു പദ്ധതിയാണ് ബന്ധപ്പെട്ടവരുടെ കെടുകാര്യസ്ഥതമൂലം നശിച്ചുകൊണ്ടിരിക്കുന്നത്.
പദ്ധതികള്‍ പ്രഖ്യാപിച്ച് പുതിയ കെട്ടിടങ്ങള്‍ കെട്ടാനല്ലാതെ ഫാമിനെ ഗുണപരമായി ഉപയോഗപ്പെടുത്താനുള്ള പദ്ധതികളൊന്നും തന്നെ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാകുകയാണ്.
