വലിവ് രോഗം കൂടിയത് കൊണ്ട് മാത്രം-കിണറില്‍ ചാടിയ ആള്‍ രക്ഷപ്പെട്ടു.

തളിപ്പറമ്പ്: ശ്വാസംമുട്ട് രോഗം കാരണം ജീവന്‍ തിരിച്ചുകിട്ടി.
കണാരംവയലിലെ മുതിരയില്‍ വീട്ടില്‍ രവീന്ദ്രനാണ്(65) മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.
രവീന്ദ്രനെ ഇന്നലെ രാത്രിമുതല്‍ കാണാതായിരുന്നു.
റബ്ബര്‍തോട്ടത്തിലെ കിണറില്‍ നിന്നും ശക്തമായ ശബ്ദത്തില്‍ ശ്വാസം വലിക്കുന്നത് കേട്ട് റബ്ബര്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളി ടോര്‍ച്ച്
തെളിയിച്ച് നോക്കിയപ്പോഴാണ് 60 അടി താഴ്ച്ചയുള്ള ഉപയോഗശൂന്യമായ കിണറില്‍ രവീന്ദ്രനെ കണ്ടത്.
ഉടന്‍ തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ വിവരമറിയിക്കുകയായിരുന്നു. ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍
കെ.രാജീവന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിശമനസേനയിലെ പി.വി.ഗിരീഷാണ് സാഹസികമായി കിണറിലിറങ്ങി രവീന്ദ്രനെ കരയിലേക്ക് കയറ്റിയത്.
ഏകദേശം രണ്ടടിയോളം വെള്ളമുണ്ടായിരുന്ന കിണറില്‍ വായുസഞ്ചാരം കുറവായിരുന്നതിനാല്‍ ബ്രീത്തിംഗ് അപ്പാരറ്റസ് ഉപകരണം ധരിച്ചാണ് കിണറിലേക്ക് ഇറങ്ങിയത്.
പരിക്കേറ്റ് അവശനിലയിലായ രവീന്ദ്രനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
രോഗപീഡകള്‍ കാരണം ബുദ്ധിമുട്ടുന്ന രവീന്ദ്രന്‍ കിണറില്‍ ചാടിയതാണെന്നാണ് സൂചന.
ഇതിനിടയില്‍ വലിവ് രോഗം കൂടിയതിനാലാണ് ശബ്ദംകേട്ട് ടാപ്പിംഗ് തൊഴിലാളി കിണറിലേക്ക് ടോര്‍ച്ചടിച്ച് നോക്കിയത്.
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ രജീഷ്‌കുമാര്‍, ശ്രീകാന്ത് പവിത്രന്‍, ഹോംഗാര്‍ഡുമാരായ സജീന്ദ്രന്‍, രവീന്ദ്രന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനം നടത്തിയ സംഘത്തിലുണ്ടായിരുന്നു.
