ബജറ്റിനെ അനുകൂലിച്ചു; എന്നാല്‍ ജനവികാരം അറിയിച്ച് കെ.വല്‍സരാജന്‍.

തളിപ്പറമ്പ്: ഇന്ന് അവതരിപ്പിച്ച തളിപ്പറമ്പ് നഗരസഭാ ബജറ്റിന്‍മേലുള്ള ചര്‍ച്ചകള്‍ക്കിടെ ജനവികാരം ശക്തമായി പ്രതിഫലിപ്പിച്ച് ബി.ജെ.പി.കക്ഷിനേതാവ് കെ.വല്‍സരാജന്‍.

വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അവതരിപ്പിച്ച ബജറ്റിനെ ഇഴകീറി പരിസോധിച്ച വല്‍സരാജന്‍ ബജറ്റിനെ പൂര്‍ണമായി പിന്തുണച്ചെങ്കിലും ജനവികാരം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് കൗണ്‍സില്‍ യോഗത്തില്‍ പ്രസംഗിച്ചത്.

തലകീഴായ രീതിയിലാണ് പല നിര്‍ദ്ദേശങ്ങളുമെന്ന് തുറന്നടിച്ച വല്‍സരാജന്‍ നഗരസഭാ ബസ്റ്റാന്റ് കോംപ്ലക്‌സിലെ പാര്‍ക്കിങ്ങ് വേലിയെക്കുറിച്ചും പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ഇത് സംബന്ധിച്ച് നേരത്തെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇരുചക്രവാഹന പാര്‍ക്കിങ്ങിന് ആവശ്യമായ സ്ഥലം ഏര്‍പ്പെടുത്താതെ നടപ്പിലാക്കുന്ന ഏത് വികസനവും അസ്ഥാനത്താകുമെന്നും വല്‍സരാജന്‍ പറഞ്ഞു.

പല പ്രധാന റോഡുകളിലും ട്രാഫിക് ബ്ലോക്ക് നിത്യസംഭവമാണെന്നും രോഗികള്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി മരണപ്പെട്ട അവസ്ഥപോലും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശീയപാതയോരത്തെ ടാക്‌സികള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് വിശ്രമകേന്ദ്രം പണിയാനുള്ള ബജറ്റ് നിര്‍ദ്ദേശത്തെയും വല്‍സരാജന്‍ ചോദ്യം ചെയ്തു.

ഈ സ്ഥലം നഗരസഭയുടെ പരിധിയില്‍ വരുന്നതാണോ എന്ന സംശയവും ഉന്നയിച്ചു.

വിവിധ വിഷയങ്ങല്‍ എടുത്തുപറഞ്ഞ് വിശദീകരിച്ചുവെങ്കിലും ബജറ്റിനെ പൂര്‍ണമായി പിന്തുണക്കുകയാണെന്നും വല്‍സരാജന്‍ പറഞ്ഞു.