നാട്ടുചരിത്രത്തിന്റെ അവശേഷിപ്പായി ഉദിനൂരിലെ ഇഡു.

കരിമ്പം.കെ.പി.രാജീവന്‍

ഉദിനൂര്‍: നാട്ടുചരിത്രത്തിലെ അമ്പെയ്ത്ത് പരിശീലനകേന്ദ്രങ്ങളായ ഇഡു ഇപ്പോഴും പുതുമ മാറാതെ സംരക്ഷിച്ച് ഉദിനൂര്‍ ഗ്രാമം.

നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കിനാത്തില്‍ അരയാലിന്‍കീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലാണ് കേരളത്തിലെ തന്നെ ഏറ്റവും വലിയ ഇഡു ഭക്ത്യാദരങ്ങളോടെ സംരക്ഷിക്കപ്പെടുന്നത്.

നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ തറവാട് ക്ഷേത്രത്തിലും ചെറുവത്തൂര്‍ പിലിക്കോട് രയരമംഗലം വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലും ഇഡു ഉണ്ടെങ്കിലും അവ കിനാത്തില്‍ ഉള്ളതിനേക്കാല്‍ ചെറുതാണ്.

നീലേശ്വരം കൂട്ടത്തിലറ, കുഞ്ഞിപ്പുളിക്കാല്‍, ഇളമ്പച്ചി, പൊന്‍മാലം, മാപ്പിട്ടച്ചേരി, കാഞ്ഞങ്ങാട് കുന്നുമ്മല്‍ എന്നിവിടങ്ങളിലും ചെറിയ ഇഡു സംരക്ഷിച്ചുവരുന്നുണ്ട്.

വാസ്തുശില്‍പ്പി പി.ശശിധരപൊതുവാളിന്റെ നേതൃത്വത്തിലാണ് ഇഡുവിന്റെ അറ്റകുറ്റപ്പണികളും നവീകരണപ്രവൃത്തികളും നടക്കുന്നത്.

എല്ലാ വര്‍ഷവും ഇഡു അറ്റകുറ്റപ്പണി നടത്തി ചാണകം മെഴുകി ഭംഗിയായാക്കാറുണ്ട്.

ഒട്ടും കല്ലുകളില്ലാത്ത മണ്ണ് കുഴച്ച് അര്‍ദ്ധവൃത്താകൃതിയിലാണ് ഇഡു നിര്‍മ്മിക്കുന്നത്.

തുളു ഭാഷയില്‍ ലക്ഷ്യം എന്നാണ് ഇഡുവിന്റെ അര്‍ത്ഥം.

പത്ത് തട്ടുകളായുള്ള ഇഡുവാണ് കിനാത്തിലില്‍ ഉള്ളത്.

ചെമ്മണ്ണ് കുഴച്ച് കുഴമ്പ് പരുവത്തിലാക്കിയാണ് ഇഡു നിര്‍മ്മിക്കുന്നത്.

മരത്തിന്റെ നിലംതല്ലികള്‍ ഉപയോഗിച്ചാണ് ഇത് ഉറപ്പിക്കുന്നത്.

പിന്നീട് ഉണങ്ങിയശേഷം മെഴുകി ഭംഗിയാക്കുകയും ചെയ്യും.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമ്പെയ്ത്ത് പരിശീലനകേന്ദ്രങ്ങളാണിത്.

വിശാലമായ ക്ഷേത്രമൈതാനങ്ങളുടെ തെക്ക് പടിഞ്ഞാറ് മൂലയിലാണ് ഇത് നിര്‍മ്മിക്കുക.

തട്ടുകളിലേക്ക് അമ്പെയ്ത് ഉന്നം പരിശീലിക്കുകയാണ് ഇഡുവിന്റെ പ്രധാന ഉദ്ദേശം.

ഇപ്പോഴും ഓണക്കാലത്ത് ഇവിടെ അമ്പെയ്ത്ത് പരിശീലനം നടക്കാറുണ്ട്.