വയോധികനോട് ഗ്രാമീണ്‍ബാങ്ക് ജീവനക്കാരുടെ ക്രൂരത.

തളിപ്പറമ്പ്: നടക്കാന്‍ ബുദ്ധിമുട്ടുന്ന വയോധികനോട് ആധാര്‍ കാര്‍ഡിന്റെ പേരില്‍ ഗ്രാമീണ്‍ബാങ്ക് ജീവനക്കാരുടെ ക്രൂരത.

ഇന്ന് രാവിലെ പത്തരയോടെ കരിമ്പം കേരളാ ഗ്രാമീണ്‍ ബാങ്കിലാണ് സംഭവം.

കാലിന് അസുഖമായി ഊന്നുവടിയുടെ സഹായത്തോടെ വളരെ ക്ലേശിച്ച് നടക്കുന്ന ഏതാണ്ട് 80 വയസോളം പ്രായം വരുന്ന വയോധികനെയാണ് ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊടുക്കാത്തതിനാല്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കാതെ മടക്കിയത്.

15,000 രൂപ എടുക്കാനാണ് ഇദ്ദേഹം ബാങ്കിലെത്തിയത്.

സ്‌ളിപ്പ് ഒപ്പിട്ടുനല്‍കി പണത്തിന് കാത്തിരിക്കുന്ന അദ്ദേഹത്തെ വിളിച്ച് എന്താണ് വര്‍ഷങ്ങളായി നിങ്ങള്‍ അക്കൗണ്ട് ഉപയോഗിക്കാതിരുന്നത് എന്നായിരുന്നു വനിതാ കാഷ്യരുടെ ചോദ്യം.

അസുഖം കാരണം ആറ് വര്‍ഷത്തോളമായി കിടപ്പായിരുന്നുവെന്നും പണത്തിന് അത്യാവശ്യമായതിനാലാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.

ആധാര്‍കാര്‍ഡിന്റെ കോപ്പി ഇല്ലാതെ പണം തരാന്‍ പറ്റില്ലെന്ന് കാഷ്യര്‍. പിന്നീട് കൊണ്ടുവന്നു തന്നാല്‍ പോരേ എന്ന് അദ്ദേഹം ചോദിച്ചെങ്കിലും ബാങ്ക് അധികൃതര്‍ വഴങ്ങിയില്ല.

ഒടുവില്‍ ഏറെ അവശനായ അദ്ദേഹം പുറത്തിറങ്ങി ഓട്ടോറിക്ഷ പിടിച്ച് വീട്ടില്‍ ചെന്ന് കാര്‍ഡുമായി വന്ന് ഫോട്ടോകോപ്പി എടുത്തുനല്‍കിയാണ് പണം വാങ്ങിയത്.

സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ച പണം എടുക്കാനെത്തിയ രോഗിയായ വയോധികനോട് ഇത്തരത്തില്‍ ക്രൂരമായി പെരുമാറിയത് വയോജനസംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് ആരോപിക്കപ്പെടുന്നുണ്ട്.