മാര്‍ക്കറ്റ്‌റോഡ് വഴി ഇനി ബസ് സര്‍വീസ് ഇല്ല.

തളിപ്പറമ്പ്: മാര്‍ക്കറ്റ്‌റോഡ് വഴി ഇനിബസ് സര്‍വീസ് ഉണ്ടാവില്ല, ഇപ്പോള്‍ പോകുന്ന വഴിയിലൂടെ തന്നെ തുടര്‍ന്നും ബസ് സര്‍വീസ് നടക്കും.

മാര്‍ക്കറ്റ് റോഡ് വഴി ഗതാഗതം തിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി തളിപ്പറമ്പ് താലൂക്ക് വികസനസമിതിയില്‍ ഉന്നയിക്കപ്പെടുന്ന പരാതികള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് തീരുമാനം.

ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്.

ഇതുവഴിയുള്ള ബസ് ഗതാഗതം പുന:സ്ഥാപിക്കണമെന്ന ആവശ്യം വികസന സമിതി മുമ്പാകെ എല്ലാമാസവും സജീവമായി ഉന്നയിക്കപ്പെടുകയും ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി ആറ് തവണ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നുവെങ്കിലും ശാശ്വത പരിഹാരം കാണാനായില്ല.

ചൊവ്വാഴ്ച്ചയും ആര്‍.ഡി.ഒ ഇത് സംബന്ധിച്ച് യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

ഇന്നലെ നടന്ന വികസന സമിതി യോഗത്തില്‍ ആര്‍.ഡി.ഒ കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിപ്പിക്കാനും നിലവില്‍ ദേശീയപാത വഴി പരാതികളില്ലാതെ നടന്നു വരുന്ന ബസ് ഗതാഗതം തുടരാനും വികസന സമിതി നിര്‍ദ്ദേശിച്ചത്.

പരാതിക്കാരനായ എ.ഗോപാലനും ഇതിനോട് യോജിച്ചതോടെ വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളും അവസാനിച്ചിരിക്കയാണ്.

നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.