വെള്ളാരംപാറയില്‍ സയന്‍സ് പാര്‍ക്കും പ്ലാനട്ടോറിയവും-മൃഗശാല ആര്‍ക്കും പ്രശ്‌നങ്ങളില്ലാത്ത വിധത്തില്‍തന്നെ സ്ഥാപിക്കും.-എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ

തളിപ്പറമ്പ്: വെള്ളാരംപാറയിലുള്ള പോലീസ് ഡംപിംഗ്‌യാര്‍ഡ് പ്രദേശത്ത് സയന്‍സ് പാര്‍ക്കും പ്ലാനട്ടോറിയവും നിര്‍മ്മിക്കുമെന്ന് എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ എം.എല്‍.എ.

കഴിഞ്ഞ വര്‍ഷം തീപിടിച്ച ഇവിടെ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ മിച്ചഭൂമിയുള്ളതിനാല്‍ പദ്ധതി എളുപ്പമാകും.

ആരെയും നോവിക്കാതെ തന്നെ വികസനസാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന നയങ്ങളാണ് സ്വീകരിക്കുകയെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ.

തളിപ്പറമ്പ് സി.പി.എം ഏരിയാ കമ്മറ്റി ഓഫീസായ ഇ.എം.എസ്. മന്ദിരത്തില്‍ നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ് ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കവെയാണ് ഗോവിന്ദന്‍ മാസ്റ്റര്‍ ഇതുവരെ നടപ്പിലാക്കിയ പദ്ധതികളും നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളും വെളിപ്പെടുത്തിയത്.

നാടുകാണിയില്‍ നിര്‍ദ്ദിഷ്ട മൃഗശാലയുടെ കാര്യത്തില്‍ ഒരു പിടിവാശിയുമില്ലെന്നും എല്ലാവരുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ജോലിചെയ്യുന്ന തൊഴിലാളികളെയും സംരക്ഷിക്കും. മൃഗങ്ങള്‍ പുറത്തും മനുഷ്യന്‍ അകത്തും എന്ന കാഴ്ച്ചപ്പാടോടെയാണ് സഫാരി പാര്‍ക്കും ബോട്ടാണിക്കല്‍ ഗാര്‍ഡനും നിര്‍മ്മിക്കുക.

ഇവിടെയുള്ള കറപ്പമരങ്ങളോ മറ്റ് മരങ്ങളോ മുറിച്ചുമാറ്റുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

മുല്ലക്കൊടിയില്‍ ഉരുനിര്‍മ്മാണം ഉള്‍പ്പെടയുള്ള വന്‍കിട ടൂറിസംപദ്ധതി വരും.

വെള്ളിക്കീല്‍ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി മൊറാഴയില്‍ നിന്നും 6 കിലോമീറ്റര്‍ നീളത്തില്‍ നടപ്പാത പണിയും.

ഇ.ടി.സി പൂമംഗലം റോഡ് 63 കോടി രൂപ ചെലവില്‍ നവീകരിക്കും ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി ഊരാളുങ്കല്‍ സൊസൈറ്റിയാണ് വര്‍ക്ക് ഏറ്റെടുത്തത്.

ശ്രീകണ്ഠാപുരം സ്വദേശിയായ കോണ്‍ട്രാക്ടര്‍ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടാണ് ഈറോഡിന്റെ പ്രവൃത്തി വൈകിയത്.

കില കരിമ്പം സെന്ററില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയവും ഹോസ്റ്റലുകളും നിര്‍മ്മിക്കും.

പറശിനിക്കടവ് പാലം ലൈറ്റ് കൊണ്ട് അലങ്കരിച്ച് മികച്ച രീതിയില്‍ നവീകരിക്കും.1910 ല്‍ ബ്രിട്ടീഷ്‌കാര്‍ നിര്‍മ്മിച്ച തളിപ്പറമ്പിലെ താലൂക്ക് ഓഫീസ് കെട്ടിടം നിലനിര്‍ത്തി മ്യൂസിയമാക്കും.

ഈ മ്യൂസിയം ആസ്ഥാനമായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം, മാങ്ങാട്ടുപറമ്പ് നീലിയാര്‍ കോട്ടം എന്നിവയെ കോര്‍ത്തിണക്കി അധ്യാത്മിക ടൂറിസം സര്‍ക്യൂട്ട് നടപ്പിലാക്കും.

ഇതിനായി വാഹനങ്ങള്‍ സജ്ജീകരിക്കും. ചിറവക്കില്‍ രണ്ടായിരം പേര്‍ക്ക് ഒത്തുകൂടാന്‍ കഴിയുന്ന ഓപ്പണ്‍ എയര്‍ സ്റ്റേഡിയം പണിയും.