കരുതലിന് ശ്രീകാന്ത് എന്നും പേരുണ്ട്-പരിയാരത്തെ ടാക്‌സി ഡ്രൈവര്‍ ശ്രീകാന്തിന്റെ കരുതലില്‍ വയോധികനെ ബന്ധുക്കള്‍ക്ക് തിരിച്ചുകിട്ടി.

തളിപ്പറമ്പ്: ശ്രീകാന്തിന്റെ കരുതലില്‍ വയോധികനെ ബന്ധുക്കള്‍ക്ക് തിരിച്ചുകിട്ടി.

പരിയാരത്തെ ടാക്‌സി കാര്‍ ഡ്രൈവര്‍ ഇ.വി.ശ്രീകാന്ത് ഇന്നലെ വൈകുന്നേരം കണ്ണൂരില്‍ നിന്ന് ട്രിപ്പ് കഴിഞ്ഞ് മടങ്ങവെയാണ് സംഭവം.

തൃച്ചംബരം പെട്രോള്‍പമ്പിന് സമീപം കാര്‍ നിര്‍ത്തിയപ്പോള്‍ നല്ല രീതിയില്‍ വസ്ത്രം ധരിച്ച വയോധികനായ ഒരാല്‍ ബാഗുമായി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതുകണ്ട് എങ്ങോട്ടേക്കാണ് പോകേണ്ടതെന്ന് അന്വേഷിച്ച ശ്രീകാന്തിനോട് തനിക്ക് പന്നിയൂരിലേക്കാണ് പോകേണ്ടതെന്നാണ് ഇദ്ദേഹം പറഞ്ഞത്.

കാര്‍ പരിയാരത്തേക്ക് പോകുന്നതിനാല്‍ ഇദ്ദേഹത്തെ കയറ്റി തളിപ്പറമ്പ് ബസ്റ്റാന്റ് പരിസരത്ത് ഇറക്കാന്‍ ശ്രമിക്കവെ തനിക്ക് ക്ഷീണമാവുന്നു എന്ന് ഇദ്ദേഹം ശ്രീകാന്തിനോട് പറഞ്ഞു.

ശ്രീകാന്ത് വയോധികന് ചായയും പലഹാരവും വാങ്ങിക്കൊടുത്ത ശേഷം പരിചയക്കാരനായ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെ ഒരു എസ്.ഐയുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരം പറയുന്നു.

അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് സ്‌റ്റേഷനിലെത്തിച്ച വയോധികനോട് പോലീസ് വിവരങ്ങള്‍ തിരക്കിയപ്പോഴും പന്നിയൂരിലേക്ക് പോകണമെന്ന് പറഞ്ഞ് വിലാസം നല്‍കുകയും ചെയ്തു.

പോലീസ് വാഹനത്തില്‍ അവിടെ എത്തിച്ചപ്പോള്‍ അവര്‍ക്ക് ഇദ്ദേഹത്തെ അറിയില്ലെന്ന് പറഞ്ഞതിനാല്‍ ഇന്നലെ രാത്രി നാടുകാണി അല്‍മഖറില്‍ താമസിപ്പിക്കുകയും ചെയ്തു.

ബാഗ് പരിശോധിച്ചപ്പോള്‍ ലഭിച്ച പാസ്ബുക്കില്‍ നിന്ന് ഇദ്ദേഹം വയനാട് പുല്‍പ്പള്ളി സ്വദേശിയായ മധുസൂതനനാണെന്ന് മനസിലാക്കിയ പോലീസ് വിവരം പോലീസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ചെയ്തപ്പോള്‍

ഇദ്ദേഹത്തിന്റെ മകനെ പരിചയമുള്ള കല്‍പ്പറ്റയിലെ ഒരു പോലീസുകാരന്‍ വിവരം നല്‍കിയത് പ്രകാരം മകന്‍ ഇന്ന് രാവിലെ തളിപ്പറമ്പിലെത്തി ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി.

ഇടക്കിടെ പുറത്തുപോകുന്ന ഇദ്ദേഹം ആഗസ്ത് 1 നാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് മകന്‍ പറഞ്ഞു.

തന്നെ സഹായിച്ച ടാക്‌സി ഡ്രൈവറെ കാണണമെന്ന് മധുസൂതനന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ശ്രീകാന്ത് തളിപ്പറമ്പിലെത്തി ഒന്നിച്ച് ഫോട്ടോയെടുത്ത ശേഷമാണ് തിരിച്ചുപോയത്.