മെഡിക്കല്‍ കോളേജില്‍ ആഘോഷപൊലിമ കൂട്ടാന്‍ ആര്‍ട്ടിസ്റ്റ് മോഹനന്റെ ചുണ്ടന്‍വള്ളവും.

പരിയാരം: മെഡിക്കല്‍ കോളേജിലെ ഓണാഘോത്തിന് പൊലിമപകരാന്‍ ചുണ്ടന്‍വള്ളത്തിന്റെ മാതൃക തീര്‍ത്ത് ആര്‍ട്ടിസ്റ്റ് മോഹനന്‍.

ഇന്നും നാളെയുമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടക്കുന്ന നമ്മളൊന്ന് എന്ന ഓണാഘോഷ പരിപാടിയുടെ ഭാഗമായിട്ടാണ് മെഡിക്കല്‍ കോളേജ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ആര്‍ട്ടിസ്റ്റായ കരിവെള്ളൂര്‍ സ്വദേശി വി.മോഹനന്‍ ചുണ്ടന്‍വള്ളത്തിന്റെ മാതൃക തീര്‍ത്തത്.

പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചാണ് രണ്ട് ദിവസം കൊണ്ട് ചുണ്ടന്‍വള്ളം പണിതീര്‍ത്തത്.

ഫോം ബോര്‍ഡ്, മരപട്ടിക, തുണി എന്നിവ ഉപയോഗിച്ച് അധികം പണച്ചെലവ്  വരാത്ത വിധത്തിലായിരുന്നു  നിര്‍മ്മാണം.

ഇന്ന് ജീവനക്കാര്‍ ഈ വള്ളവുമേന്തി ഘോഷയാത്രനടത്തിയശേഷം നാളെ സാംസ്‌ക്കാരിക സമ്മേളനം നടക്കുന്ന കോളേജ് ഓഡിറ്റോറിയത്തില്‍ ഇത് സ്ഥാപിച്ചു.

രാവിലെ 10 ന് നടക്കുന്ന സാംസ്‌ക്കാരിക സദസ് പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലത ഉദ്ഘാടനം ചെയ്യും.

സംഘാടകസമിതി ചെയര്‍മാന്‍ ഡോ.കെ.രമേശന്‍ അധ്യക്ഷത വഹിക്കും.

ഈ വര്‍ഷം വിരമിച്ച ജീവനക്കാര്‍ക്ക് വെല്‍ഫേര്‍ കമ്മറ്റി നല്‍കുന്ന ഉപഹാരം വൈസ പ്രിന്‍സിപ്പാള്‍ ഡോ.കെ.പി.ഷീബ ദാമോദരന്‍ വിതരണം ചെയ്യും.

മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് മുഖ്യാതിഥിയായിരിക്കും.

ദന്തല്‍ കോളേജ് പ്രിന്‍സിപ്പാല്‍ ഡോ.പി.സജി, നേഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രഫ.എം.കെ.പ്രീത, നേഴ്‌സിംഗ് സൂപ്രണ്ട് പി.കെ.ഗീത എന്നിവര്‍ പ്രസംഗിക്കും. ഡോ.കെ.വി.ശ്രീകുമാര്‍, ഡോ.പി.പി.ബിനീഷ് എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിക്കും.

പി.ആര്‍.ജിജേഷ് സ്വാഗതവും പി.ഐ.ശ്രീധരന്‍ നന്ദിയും പറയും. തുടര്‍ന്ന് കലാപരിപാടികളും ഓണസദ്യയും നടക്കും.