തിരുവിതാംകൂറില്‍ എ.കുമാരസ്വാമി ആന്റ് കമ്പനിയും കൊച്ചിന് മലബാര്‍ ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനിയുമാണ് വിതരണം ചെയതത്.
നാടകകൃത്ത് ടി.എന്‍.ഗോപിനാഥന്‍നായരാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.
കഥാസംഗ്രഹം-(-1955 ആഗസ്ത്-27-68 വര്‍ഷം)
നഗരത്തില്‍ പല രീതിയിലും വേഷങ്ങളിലുമെത്തി കൊള്ള നടത്തിയിരുന്ന ഒരു സംഘം കവര്‍ച്ചക്കാരെ കണ്ടുപിടിക്കുവാന്‍ സി.ഐ.ഡി. സുധാകരന് നായര്‍(പ്രേംനസീര്‍) നിയമിതനായി. കൊള്ളസംഘത്തിന്റെ തലവനാണ് രുദ്രപാലന്‍(സോമന്) രുദ്രപാലന്റെ വലംകയ്യാണ് വല്ലഭന്(കൊട്ടാരക്കര ശ്രീധരന്‍നായര്‍). വല്ലഭന് രാത്രിയിലെല്ലാം കൊള്ളസംഘത്തിലും പകല്‍ എസ്റ്റേറ്റുടമയായ മുകുന്ദന് മേനോന്റെ(ജോസ് പ്രകാശ്) തേയിലത്തോട്ടത്തിലെ മാനേജറുമായിപ്രവര്ത്തിക്കുകയാണ്. മേനോന്റെ മകള്‍ വാസന്തിയാണ്(മിസ്.കുമാരി) അയാളുടെ ഉന്നം. പഠനത്തിനായി വിദേശത്തായിരുന്ന വാസന്തി മടങ്ങി വരുമ്പോള്‍ അവളുടെ അച്ഛന് ജീവിച്ചിരുന്നാല്‍ തന്റെ മോഹം നടക്കുകയില്ലെന്നറിയാമായിരുന്ന വല്ലഭന് മേനോനെ കൊന്നു. വീട്ടിലെത്തിയ വാസന്തിയ്ക്ക് തന്റെ വാത്സല്യപിതാവിന്റെ മൃതദേഹം ചിതയില്‍ എരിയുന്നതു് മാത്രമാണു് കാണുവാന്‍ സാധിച്ചത്. സി. ഐ. ഡി. സാധാകരന്‍ നായരെത്തന്നെ ഈ കൊലപാതകം തെളിയിക്കുവാനും അധികാരികള്‍ നിയമിച്ചു. സുധാകരന് വാസന്തിയെ നേരത്തെ ട്രെയിനില്‍ വച്ചുതന്നെ പിരിചയപ്പെട്ടിരുന്നു. സുധാകരന്റെ വരവ് വാസന്തിയില്‍ സമാധാനവും തസ്ക്കരസംഘത്തില് വിഭ്രാന്തിയും ഉളവാക്കി. വാസന്തിയെ പാട്ടിലാക്കാന്‍ അവളുടെ വിശ്വസ്ത ഭൃത്യയായ പങ്കജത്തെ വല്ലഭന് ആയുധമാക്കി. വാസന്തി വല്ലഭനെ വിവാഹം കഴിക്കണമെന്നുള്ളതായിരുന്നു അച്ഛന്റെ ഏക ആഗ്രഹം എന്ന് പങ്കജം അവളെ തെറ്റിദ്ധരിപ്പിച്ചു. സുധാകരനുവേണ്ടി ഇതിനകം തന്റെ ഹൃദയം അര്പ്പിച്ചുകഴിഞ്ഞിരുന്ന വാസന്തി ആകെ പതറിയെങ്കിലും മനോവേദനയോടെ അച്ഛന്റെ ആഗ്രഹം നിറവേറ്റുവാന്‍ അവള് തീരുമാനിച്ചു. സുധാകരനും സഹായി വാവയും(എസ്.പി.പിള്ള) കേസന്വേഷണം ഊര്ജ്ജിതമായാരംഭിച്ചു. രുദ്രപാലന്റെ വളര്‍ത്തുമകള്‍ വത്സല(കുമാരി തങ്കം) ജനങ്ങളെ കബളിപ്പിക്കുവാനായി ഒരു സര്‍ക്കസ്സുകാരിയുടെ വേഷത്തില്‍ അംഗരക്ഷകനായ പിച്ചുവുമൊത്ത്(എസ്.പി.പിള്ള) അലഞ്ഞുതിരിയവേ അറസ്റ്റ് ചെയ്യപ്പെട്ടു. വിവരമറിഞ്ഞ രുദ്രപാലന്‍ അവരെ രക്ഷിക്കുവാന്‍ ആള്‍ക്കാരെ നിയോഗിച്ചു. സുധാകരന് വാസന്തിയുടെ വീട്ടില്‍ കാണുമെന്ന് കരുതി അര്ദ്ധരാത്രിക്കെത്തിയ കവര്‍ച്ചസംഘത്തിലെ ഒരംഗം അവിടെ ബഹളം സൃഷ്ടിച്ചു. പരിഭ്രാന്തയായ വാസന്തി സ്വയരക്ഷാര്‍ത്ഥം ഭാവിവരനായ വല്ലഭന്റെ ഭവനത്തിലേക്കോടി. തന്റെ വിശ്വസ്ത ഭൃത്യയായ പങ്കജവും വല്ലഭനുമായി രമിച്ചുരസിക്കുന്നതാണവള് കണ്ടത്. അപരാധമൊക്കെ പങ്കജത്തില്‍ ചുമത്തി തടിതപ്പാന്‍ അയാള്‍ ഒരു വിഫലശ്രമം നടത്തി. വാസന്തി ഒരു നടുക്കത്തോടെ പിന്‍വാങ്ങി. പങ്കജത്തെ ആ നിലയില്‍ വിടുന്നത് ആപല്‍ക്കരമാണെന്നു കരുതിയ വല്ലഭന് അവളുടെ കഴുത്തുഞെരിച്ചു കൊല്ലുവാന്‍ ശ്രമിച്ചു. ആ ശ്രമവും വിഫലമായപ്പോള്‍ വല്ലഭന് നാടുവിടാനൊരുങ്ങി. അപ്പോഴാണ് രുദ്രപാലന്റെ ദൂതനില്‍ നിന്നും വത്സല കസ്റ്റഡിയിലായ വിവരം അയാളറിയുന്നത്. ഉടന്‍തന്നെ വല്ലഭന് രുദ്രപാലന്റെ സങ്കേതത്തിലേയ്ക്ക് പുറപ്പെട്ടു. ഭയചകിതയായ വാസന്തി വീട്ടില്‍ മടങ്ങിവന്നയുടന്‍ സുധാകരനെ ഫോണില്‍ വിവരമറിയിച്ചു. ഇതിനിടയില്‍ പങ്കജത്തിന്റെ മരണമൊഴിയില്‍ നിന്നും വല്ലഭനാണു് കൊലപ്പുള്ളി എന്ന വിവരം സുധാകരന് ധരിച്ചുകഴിഞ്ഞിരുന്നു. വാസന്തിയുടെ വീട്ടില്‍വന്നു വിവരമറിഞ്ഞ് സുധാകരന് മടങ്ങിയപ്പോഴേക്കും വല്ലഭന് വാസന്തിയെ രക്ഷപെടുത്തിക്കഴിഞ്ഞിരുന്നു. സി. ഐ. ഡി. ഗൂഢസങ്കേതം കണ്ടുപിടിക്കുമോ എന്ന് രുദ്രപാലന്‍ ഭയപ്പെട്ടു. വാസന്തിയെ എങ്ങിനെയെങ്കിലും കൊണ്ടുവന്നാല്‍ സുധാകരന് വിരണ്ട് അവരുടെ കയ്യിലകപ്പെട്ടുകൊള്ളുമെന്ന് വല്ലഭനുപദേശിച്ച ബുദ്ധി രുദ്രപാലനിഷ്ടപ്പെട്ടു. അയാള്‍തന്നെ വാസന്തിയെ അപഹരിക്കുവാന്‍ വേണ്ടി വേഷം മാറി പുറപ്പെട്ടു. ഈ തക്കം നോക്കി വല്ലഭന് വത്സലയുമായി അടുത്തുകൂടി. അവള് അവനെ കണ്ണുമടച്ചു പ്രേമിച്ചുതുടങ്ങി. രുദ്രപാലന്‍ വാസന്തിയെ അപഹരിച്ച്ഗൂഢസങ്കേതത്തിലെത്തി. പ്രതീക്ഷിച്ചതു പോലെ വാസന്തിയെ തിരക്കി സുധാകരന് കൊള്ളസംഘത്തിന്റെ സങ്കേതത്തിലെത്തി. നിഷ്പ്രയാസം രുദ്രപാലന്റെ ആള്ക്കാര് സി.ഐ. ഡിയെ ബന്ധനത്തിലാക്കുകയും ചെയ്തു. സി.ഐ.ഡി. യുടെ സഹായിയായ വാവയ്ക്ക്് വത്സലയുടെ അംഗരക്ഷനായ ഊമ പിച്ചുവുമായി രൂപത്തില്‍ അന്യാദൃശസാമ്യമുണ്ടായിരുന്നു. വാവ പിച്ചുവിനെ പിടിച്ചുകെട്ടിയശേഷം പിച്ചുവായി അഭിനയിച്ച് രുദ്രപാലന്റെ സംഘത്തില്‍ കടന്നുകൂടി. വാവയുടെ സഹായത്തോടെ സുധാകരന് ബന്ധനത്തില്‍ നിന്നും രക്ഷപെട്ടു. വല്ലഭനെ അതിരുകവിഞ്ഞു് സ്നേഹിച്ചുപോന്ന വത്സല അവന്റെ വഞ്ചന കണ്ടുപിടിച്ചു. വിവരം ഗ്രഹിച്ച രുദ്രപാലന്‍ തന്റെ മകള്‍ക്ക് കഠിന വേനയുണ്ടാക്കിയ വല്ലഭനോട് കയര്‍ത്തപ്പോള്‍ കോപാകുലനായ വല്ലഭന് രുദ്രപാലനെയും വല്‍സലയേയും കൊലപ്പെടുത്തുന്നു. ഈ ഘട്ടത്തില്‍ സുധാകരന് പോലീസ് സഹായത്തോടെ ഗൂഢസങ്കേതം വളഞ്ഞു. അത്യുഗ്രമായ സംഘട്ടനത്തിന് ശേഷം വല്ലഭനേയും മറ്റനുചരന്മാരേയും കീഴടക്കി. തസ്ക്കരസംഘത്തിനെ തകര്‍ക്കുകയും മുകുന്ദ മോനോന്റെ കൊലയാളിയെ കണ്ടുപിടിക്കുകയും ചെയ്ത സി. ഐ. ഡി. സുധാകരന് നായര്‍ക്ക് മേലധികാരികളില്‍ നിന്നും ബഹുമതികള്‍ ലഭിച്ചു. സുധാകരന് വാസന്തിയെ പ്രാണപ്രേയസിയായി സ്വീകരിക്കുകയും ചെയ്തു.