തളിപ്പറമ്പ് മുസ്ലിംലീഗിലെ സമവായചര്‍ച്ചകള്‍ മുടങ്ങി-അള്ളാംകുളം വിഭാഗം നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായി സുബൈര്‍ വിഭാഗം

തളിപ്പറമ്പ്: തളിപ്പറമ്പ് മുസ്ലിംലീഗിലെ സമവായചര്‍ച്ചകള്‍ വീണ്ടും വഴിമുട്ടി.

നേരത്തെ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞ് സമാന്തര കമ്മറ്റികളായി പ്രവര്‍ത്തിച്ച അള്ളാംകുളം-പി.കെ.സുബൈര്‍ വിഭാഗങ്ങള്‍ സംസ്ഥാന കമ്മറ്റിയുടെ ഇടപെടലിലെതുര്‍ന്ന് സമാന്തര പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു.

എന്നാല്‍ സമവായ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി അള്ളാംകുളം വിഭാഗം വീണ്ടും ജില്ലാ കമ്മറ്റി വിലക്കേര്‍പ്പെടുത്തിയ ജുന്ന സാധു സഹായ സമിതിയെ പുനരുജ്ജീവിപ്പിച്ച് പ്രവര്‍ത്തനം തുടരുന്നതായാണ് ആക്ഷേപം.

ജുന്ന സാധുസഹായ സമിതിയുടെ പ്രസ് സെക്രട്ടറിയും സമാന്തര യൂത്ത്‌ലീഗ് വിഭാഗത്തിന്റെ പ്രസ് സെക്രട്ടറിയും ഒരാള്‍തന്നെയാണെന്നും ഇത് സമാന്തര പ്രവര്‍ത്തനമായി തന്നെ കാണുമെന്നുമാണ് സുബൈര്‍ വിഭാഗം പറയുന്നത്.

ജുന്ന സാധുസഹായ സമിതിയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ഉത്തരവാദപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരും ഭാരവാഹികളും ഈ സംഘടനയുമായി സഹകരിക്കരുതെന്നും മുസ്ലിം ലീഗ് ജില്ലാ കമ്മറ്റി തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഇതിന് വിരുദ്ധമായി ഒക്ടോബര്‍ 29 ന് സംഘടന കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നടത്തിയ രക്തദാനക്യാമ്പില്‍ ഉത്തരവാദപ്പെട്ട ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തുവെന്നാണ് പി.കെ.സുബൈര്‍ വിഭാഗം പറയുന്നത്.

ഇതോടെ സംസ്ഥാന നേതൃത്വം മുന്‍കൈയെടുത്ത് ആരംഭിച്ച സമവായ ചര്‍ച്ചകള്‍ നിലച്ചിരിക്കയാണ്.

പ്രശ്‌നങ്ങള്‍ വീണ്ടും സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനകമ്മറ്റി വീണ്ടും രംഗത്തുവരുമെന്നാണ് സൂചന.