നവരാത്രി ദിനങ്ങള്‍ക്ക് സുകൃതം പകര്‍ന്ന് തളിപ്പറമ്പ് ബ്രാഹ്‌മണ സമൂഹ മഠത്തില്‍ ബൊമ്മക്കൊലു ആഘോഷം
തളിപ്പറമ്പ് : നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത ശൈലിയില്‍ ബൊമ്മക്കൊലു ഒരുക്കി വിജയ് നീലകണ്ഠന്‍.
തമിഴ് ബ്രാഹ്‌മണരുടെ നവരാത്രി ആചാരങ്ങളുടെ ഭാഗമാണ് ബൊമ്മക്കൊലു വെക്കല്‍. ‘ബൊമ്മ’ എന്നാല്‍ പാവ എന്നും കൊലു എന്നാല്‍ പടികള്‍ എന്നുമാണ് അര്‍ഥം.
ബൊമ്മൈക്കൊലു പ്രതിമകളും പാവകളും ഉപയോഗിച്ച് കഥപറയുന്ന പാരമ്പര്യമാണെന്ന് വിജയ് നീലകണ്ഠന്‍ പറഞ്ഞു. നവരാതി ബൊമ്മക്കൊലു വെറുമൊരു പ്രദര്‍ശനത്തിന് വേണ്ടി അല്ല.
ഈ പാരമ്പര്യം പ്രാധാന്യമുള്ളതും പുരാതന ഹിന്ദു ഗ്രന്ഥങ്ങളുമായി ബന്ധപ്പെട്ടതുമാണ്.
രാമായണം, പുരാണങ്ങള്‍, ദശാവതാരം എന്നിവ പോലെ ഒരു തലമുറയില്‍ നിന്ന് മറ്റൊന്നിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഇന്ത്യന്‍ കഥകളെ ആഘോഷിക്കുന്ന തരത്തിലാണ് ഇവിടെ ബൊമ്മക്കൊലു പ്രതിമകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് വിജയ് നീലകണ്ഠന്‍ പറഞ്ഞു.
ആധുനിക തളിപ്പറമ്പിന്റെ രാജശില്പി എന്നറിയപ്പെടുന്ന പി.നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തിലാണ് നൂറ്റാണ്ടില്‍ ആദ്യമായി മനോഹരമായി ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ വ്യത്യസ്തമായ ആചാര പദ്ധതിയില്‍പ്പെട്ട അനേകം പ്രത്യേകതകളുള്ള ദേവീദേവന്മാരുടെയും മറ്റും ശില്‍പ്പങ്ങളാണ് ഇവിടെ വ്യത്യസ്തമായി പല തീമുകളില്‍ ഒരുക്കിയിരിക്കുന്നത്.
2200 ബൊമ്മകളാണ് ഇവിടെ ബൊമ്മക്കൊലുവിനായി ഒരുക്കിയിട്ടുള്ളത്.
15 ന് രാവിലെ കോഴിക്കോട് എന്‍.കെ.വെങ്കിടാചലം കലശപൂജ നടത്തും.
17 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 6 മുതല്‍ 9 വരെ ജാതി മതഭേദമന്യേ എല്ലാവര്‍ക്കും ബൊമ്മക്കൊലു കാണാവുന്നതാണ്.
പതിവില്‍ നിന്ന് വ്യത്യസ്തമായി യേശുകൃസ്തുവിന്റെ ജനനവും ഇവിടെ ബൊമ്മക്കൊലുവായി ഒരുക്കിയിട്ടുണ്ട്.
ഏഴ് ലക്ഷത്തോളം രൂപയുടെ ബൊമ്മകളാണ് കൊലു ഒരപക്കാനായി മാത്രം ചെലവഴിച്ചിരിക്കുന്നത്.
എന്താണ് ബൊമ്മക്കൊലു-
ശക്തിസ്വരൂപിണിയായ ദുര്‍ഗാദേവിയുടെ ആരാധനയ്‌ക്കൊപ്പം തെന്നിന്ത്യയുടെ കാര്‍ഷിക സംസ്‌കാരവും കരകൗശല പാരമ്പര്യവും കൂടി പ്രതിഫലിച്ച ബൊമ്മക്കൊലുവാണ് ഇവിടെ. സര്‍വം ബ്രഹ്‌മമയം’ എന്ന ആശയത്തിന്റെ പൂര്‍ത്തീകരണമായി ഇതിനെ കണക്കാക്കുന്നു. ദേവീപ്രീതിക്കായി അലങ്കരിച്ച കലശം വച്ച് ചുറ്റിനും വിവിധ ബൊമ്മകള്‍ തട്ടുകളില്‍ നിരത്തിവച്ച് ദേവീപൂജ നടത്തുന്നതാണ് ബൊമ്മക്കൊലു ആചാരം. ഒന്ന്, മൂന്ന്, അഞ്ച്, ഒന്‍പത്, പതിനൊന്ന് എന്ന മട്ടില്‍ ഒറ്റസംഖ്യയില്‍ കൊലു എത്ര വേണമെങ്കിലും വലുതാക്കാം.
ദുര്‍ഗാരൂപത്തില്‍ മഹിഷാസുര നിഗ്രഹത്തിനായി അവതരിച്ച ദേവി, ദേവഗണങ്ങളെ വരുത്തി അവരെ സിംഹം, ആന, കടുവ തുടങ്ങിയ രൂപങ്ങളിലാക്കി അസുരനിഗ്രഹം നടത്തി. ദുര്‍ഗാഷ്ടമി നാളില്‍ മഹിഷാസുര നിഗ്രഹത്തിനായി സേവനാര്‍ഥം ദേവിയെ സഹായിച്ച എല്ലാ ദേവീദേവന്മാരെയും അതേരൂപത്തില്‍ ആരാധിച്ചാല്‍ മാത്രമേ പൂര്‍ണ അനുഗ്രഹം ലഭിക്കൂ എന്നാണു വിശ്വാസം. മധു, മഹിഷാസുരന്‍, നിശുംഭന്‍, ധൂമ്രലോചന്‍, രക്തബീജന്‍, ശുംഭന്‍, ചണ്ഡന്‍, മുണ്ഡന്‍, കൈടഭന്‍ എന്നീ ഒന്‍പത് അസുരന്മാരെ ദുര്‍ഗാദേവി നേരിട്ടപ്പോള്‍ ദേവീവിജയത്തിനായി സര്‍വചരാചരങ്ങളും പ്രാര്‍ഥിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബൊമ്മക്കൊലു എന്നൊരു വിശ്വാസവും ഉണ്ട്.
അസുര നിഗ്രഹാനന്തരം മഹാനവമി ദിനത്തില്‍ ദേവി യോഗനിദ്രയിലായി. വിജയദശമി നാളില്‍ യോഗനിദ്രയില്‍നിന്ന് ഉണര്‍ന്ന ദേവി സരസ്വതി രൂപത്തില്‍ അനുഗ്രഹം ചൊരിഞ്ഞതായാണ് ഐതീഹ്യം. ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും ഒന്‍പത് ദിനരാത്രങ്ങളില്‍ പൂജയും ഭജനയും ഉണ്ടാവും.