പിക്കപ്പ് വാന്‍ മറിഞ്ഞു, അകത്ത് കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി.

തൃക്കരിപ്പൂര്‍: നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ പിക്കപ്പ് വാനില്‍ കുടുങ്ങിയ ഡ്രൈവറേയും ക്ലീനറേയും അഗ്നിശമനസേന രക്ഷപ്പെടുത്തി.

ഇന്ന് രാവിലെ 6.30 ന് ദേശീയപാതയോരത്ത് ഞാണങ്കൈ വളവിലാണ് അപകടം നടന്നത്.

കോഴിക്കോട് നിന്നും ഉള്ളാളിലേക്ക് പോകുന്ന കെ.എ-19 എ.ഇ-1548 പിക്കപ്പ് വാനാണ് അപകടത്തില്‍ പെട്ടത്.

വാനിന്റെ കാബിനകത്ത് കുടുങ്ങി പുറത്തിറങ്ങാനാവാതെ വന്ന ഉള്ളാള്‍ സ്വദേശികളായ നൗഫല്‍(30), ഷനീസ്(30) എന്നിവരെയാണ് വാനിന്റെ ഗ്ലാസ് തകര്‍ത്ത് തൃക്കരിപ്പൂരില്‍ നിന്നെത്തിയ അഗ്നിശമനസേന പുറത്തെത്തിച്ചത്.

ഇരുവര്‍ക്കും കാര്യമായ പരിക്കുകളൊന്നുമില്ല.

ഗ്രേഡ് എ.എസ്.ടി.ഒ സി.ഭാസ്‌ക്കരന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ പ്രശാന്ത്, വിഷ്ണു, അഭിനന്ദ്, പ്രിയേഷ് സോള്‍വിന്‍, നരേന്ദ്രന്‍, ആനന്ദന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.