വെറും ശിലാഫലകമല്ല, ചരിത്രമാണ്-തളിപ്പറമ്പ് നഗരസഭ കേവലനീതി കാട്ടാതിരിക്കരുത്.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ ഇന്നത്തെ ബസ്റ്റാന്റ് കോംപ്ലക്‌സിലേക്ക് ദേശീയപാതയില്‍ നിന്നും കടന്നുവരുന്ന ഇടനാഴിയുടെ രണ്ട് ഭാഗത്തെ ചുമരുകളിലും മുഖത്തോട്മുഖം നോക്കി നില്‍ക്കുന്ന 3 ശിലാഫലകങ്ങളുണ്ട്.

ഇതില്‍ ഒരുഭാഗത്തെ രണ്ട്ഫലകങ്ങളില്‍ ചടങ്ങുകള്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍ യാഥാവിധി നല്‍കിയിട്ടുണ്ട്.
എന്നാല്‍ മറുഭാഗത്തേത് അക്ഷരങ്ങളില്ലാതെ ശൂന്യമായി കിടക്കുകയാണ്.
എന്താണ് ഈ ശിലാഫലകമെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ എന്നറിയില്ല.
ഇപ്പോള്‍ തളിപ്പറമ്പ് നഗരസഭയുടെ നിരവധി പദ്ധതികള്‍ വിവിധ ഭാഗങ്ങളിലായി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.
ചെറിയ പരിപാടിയാണെങ്കിലും ശിലാഫലകങ്ങള്‍ സാമാന്യം വലുതായി തന്നെ എല്ലായിടത്തുമുണ്ട്.
കഴിഞ്ഞ 17 ന് അള്ളാംകുളത്ത് പുതിയ സാംസ്‌ക്കാരികനിലയത്തിന്റെ ഉദ്ഘാടനഫലകത്തില്‍ നിന്നും മുന്‍ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദിന്റെ പേര് ഒഴിവാക്കിയതിന്റെ പേരില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായത് രഹസ്യമല്ല.
അള്ളാംകുളം നവീകരണവും സാംസ്‌ക്കാരികനിലയവും കറപ്പക്കുണ്ടിന്റെ നവീകരണവും തുടക്കംകുറിച്ചത് അള്ളാംകുളം മഹമ്മൂദ് തന്നെയാണെന്നത് പകല്‍പോലെ സത്യമാണ്.
പക്ഷെ, അദ്ദേഹത്തിന്റെ പേര് തമസ്‌ക്കരിക്കപ്പെടുകയാണ്.
34 വര്‍ഷം മുമ്പ് തളിപ്പറമ്പില്‍ നടന്ന ഒരു ഉദ്ഘാടനത്തിന്റെ കാര്യമാണ് ഇനി പറയുന്നത്.
തളിപ്പറമ്പ് പഞ്ചായത്തായിരുന്ന കാലത്ത് അന്നത്തെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു ബസ്റ്റാന്റ്.
ഈ ആവശ്യത്തിനായി നേരത്തെ കാക്കാത്തോട്ടില്‍ സ്ഥലം ഏറ്റെടുത്തുവെങ്കിലും തളിപ്പറമ്പ് നഗരത്തിലെ കച്ചവടക്കാരുടെ താല്‍പര്യത്തിന് വഴങ്ങി പഞ്ചായത്ത് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
എസ്.മൊയ്തുഹാജി പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് അന്ന് പോലീസ് ക്വാര്‍ട്ടേഴ്‌സ് നിലനിന്നിരുന്ന ഇന്നത്തെ ബസ്റ്റാന്റ് നില്‍ക്കുന്ന സ്ഥലത്ത് പഞ്ചായത്ത് ബസ്റ്റാന്റ് പണിയാന്‍ നിര്‍ദ്ദേശം വന്നത്.
പിന്നീട് പ്രസിഡന്റായ കെ.വി.മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ കാലത്താണ് ഇത് യാഥാര്‍ത്ഥ്യമായത്.
1990 ഫെബ്രുവരി 5 ന് അന്നത്തെ മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍സേട്ട് എംപിയാണ് ബസ്റ്റാന്റ് ഉദ്ഘാടനം ചെയ്തത്.
അന്നത്തെ തളിപ്പറമ്പ് എം.എല്‍.എ പാച്ചേനി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.
അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, വൈസ് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍നായര്‍ എന്നിവരുടെ പേരുകള്‍ അന്നത്തെ ശിലാഫലകത്തില്‍ രേഖപ്പെടുത്തിയിരുന്നു.
2006 ല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തപ്പോള്‍ പഴയ ഫലകം ഇവിടെ സ്ഥാപിച്ചുവെങ്കിലും അതിലെ പേരുകള്‍ ആരോ ചുരണ്ടിമാറ്റി ശൂന്യമാക്കുകയായിരുന്നു.
തളിപ്പറമ്പ് നഗരത്തിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക ഏടാണ് ബസ്റ്റാന്റ്.
കാലങ്ങളെത്ര കഴിഞ്ഞാലും ആ ചരിത്രം നിലനില്‍ക്കപ്പെടേണ്ടതാണ്.
ലക്ഷക്കണക്കിന് രൂപ നഗരസഭ വിവിധ പദ്ധതികള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന സമയത്ത് ഈ ശിലാഫലകം പുന:സ്ഥാപിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന ഒരു കേവലനീതി മാത്രമല്ലേ എന്ന് നഗരഭരണാധികാരികള്‍ ഓര്‍മ്മിക്കുമോ-
